തിരുവനന്തപുരം ; പി എസ് സി പരീക്ഷാക്രമക്കേടിൽ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച്ച നടത്താൻ ബിജെപി സംസ്ഥാന നേതൃത്വം. ഇന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ , എംപിമാരായ സി സദാനന്ദൻ, പി ടി ഉഷ എന്നിവർ രാഷ്ട്രപതിയെ കാണും. രാജേന്ദ്ര അർലേക്കർ നടത്തിയ ശുപാർശയിൽ ഇടപെടൽ തേടിയാണ് കൂടിക്കാഴ്ച്ച.ഇതിനിടെ പി എസ് സി ചെയർമാനെയും, അംഗങ്ങളെയും പിരിച്ചു വിടണമെന്ന മുൻ ഗവർണറുടെ കത്തിനെ പിന്തുണച്ച് പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറും രാഷ്ട്രപതിയ്ക്ക് കത്തയച്ചു.
കേരള ഗവർണർ സ്ഥാനം ഒഴിയുന്നതിന് ദിവസങ്ങൾക്ക് മുൻപായിരുന്നു അർലേക്കർ പി എസ് സി ചെയർമാനെയടക്കം പിരിച്ചു വിടാൻ നിർദേശം നൽകിയത്. ഡോ എം ആർ ബൈജുവിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാഷ്ട്രപതിക്ക് ഔദ്യോഗിക ശുപാർശ സമർപ്പിച്ചത് . ഗുരുതരമായ കണ്ടെത്തലുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ, പി.എസ്.സി ചെയർമാനെയും എല്ലാ അംഗങ്ങളെയും നീക്കം ചെയ്യണമെന്നാണ് രാഷ്ട്രപതിക്ക് നൽകിയ ശുപാർശയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.ഭരണഘടനാപരമായ സ്ഥാപനമായ പി.എസ്.സിയിലെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ഗവർണറാണെങ്കിലും, അവരെ നീക്കം ചെയ്യാനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമാണ്.
എന്നാൽ ഗവർണർ സർക്കാരുമായി ആലോചിച്ച് വേണം അഭിപ്രായങ്ങളും , ശുപാർശയും അറിയിക്കാനെന്നും, ഭരണഘടനാപരമായി സർക്കാരിന്റെ അഭിപ്രായം കൂടി പരിഗണിക്കേണ്ടതുണ്ടെന്നുമാണ് മുഖ്യമന്ത്രി വിഡി സതീശൻ പറയുന്നത്.

