വയനാട്: ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഗുണഭോക്താക്കളുടെ പട്ടികയിൽ വ്യാപകമായ പിഴവുകളെന്ന് ആക്ഷേപം. പട്ടികയിൽ നിന്നും അർഹരായ നിരവധി പേരെ ഒഴിവാക്കിയെന്നും ചില പേരുകൾ ഇരട്ടിച്ചെന്നും ആരോപിച്ച് സമരസമിതി പ്രതിഷേധിച്ചു.
ഒരു വാർഡിൽ മാത്രം നിരവധി പേരുകൾ ഇരട്ടിച്ചു. ഇത് അനർഹർക്ക് ആനുകൂല്യം നൽകാനാണോ എന്ന് സംശയിക്കുന്നതായി ദുരന്തബാധിതരുടെ സമര സമിതി നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. 388 പേരുടെ പട്ടികയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. അതിൽ 17 കുടുംബങ്ങളിലെ ആരും ജീവിച്ചിരിപ്പില്ല. പട്ടികയിൽ വ്യാപക ക്രമക്കേട് ആരോപിച്ചാണ് സമര സമിതി പഞ്ചായത്തിന് മുന്നിൽ പ്രതിഷേധിക്കുന്നത്.
റവന്യു ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും ഉൾപ്പെടുന്ന സംഘമാണ് പുനരധിവാസ പട്ടിക തയ്യാറാക്കിയത്. മാനന്തവാടി സബ് കളക്ടറുടെ മേൽനോട്ടത്തിലായിരുന്നു നടപടികൾ. എന്നിട്ടും പിഴവുകൾ കടന്നുകൂടിയത് എങ്ങനെ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
അതേസമയം, ഇത് അന്തിമ പട്ടികയല്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. 15 ദിവസത്തിനുള്ളിൽ വിട്ടുപോയവരുടെ പേരുകൾ നൽകാൻ അവസരമുണ്ട്. 30 ദിവസത്തിനുള്ളിലേ അന്തിമ പട്ടിക പുറത്ത് വിടൂവെന്നും അധികൃതർ അറിയിച്ചു.