പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിൽ ദർശനം നടത്തി. രാവിലെ 11.30 ഓടെയാണ് രാഷ്ട്രപതിയും സുരക്ഷാ ഉദ്യോഗസ്ഥരും സന്നിധാനത്ത് എത്തിയത്. ഇരുമുടിക്കെട്ട് വഹിക്കാൻ ക്ഷേത്ര ജീവനക്കാർ രാഷ്ട്രപതിയെ സഹായിച്ചു. രാഷ്ട്രപതി പതിനെട്ടാം പടികൾ കയറി മുകളിലേക്ക് എത്തിയപ്പോൾ, തന്ത്രി കണ്ഠരര് മഹേഷ് മോഹനൻ പൂർണകുംഭം നൽകി സ്വീകരിച്ചു.
രാവിലെ 9.05 ന് പ്രമാടത്ത് വിമാനമിറങ്ങിയ രാഷ്ട്രപതി റോഡ് മാർഗം പമ്പയിലെത്തി. ഉച്ചപൂജയ്ക്ക് ശേഷം ദേവസ്വം ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. വൈകുന്നേരം വരെ രാഷ്ട്രപതി സന്നിധാനത്ത് തന്നെ തുടരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കർശന സുരക്ഷയിൽ പ്രത്യേക വാഹനത്തിലാണ് രാഷ്ട്രപതി മല കയറിയത് . രാത്രിയോടെ തിരുവനന്തപുരത്തേക്ക് മടങ്ങും. തുടർന്ന് ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഒരുക്കുന്ന അത്താഴവിരുന്നിൽ അവർ പങ്കെടുക്കും

