തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകുന്നവർക്ക് ഭയമുണ്ടാകണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . പരാതി നൽകുന്നവർക്ക് സർക്കാർ ആവശ്യമായ സംരക്ഷണം നൽകും. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണെന്നും ഗർഭിണിയായ സ്ത്രീയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണത്തിനെയും മുഖ്യമന്ത്രി എതിർത്തു . സംസ്ഥാനത്ത് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണെന്നും പൊതുജനശ്രദ്ധ ആകർഷിക്കുന്ന ഒന്നാണെന്നും പിണറായി പറഞ്ഞു. “രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. രാഷ്ട്രീയ പ്രവർത്തനങ്ങൾ ധാർമ്മികതയിലും മാന്യതയിലും നയിക്കപ്പെടണം, അത് പലർക്കുമില്ല. കോൺഗ്രസിനുള്ളിലെ ചില നേതാക്കൾ രാഹുലിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രകടിപ്പിച്ചിട്ടുണ്ട്. നിരവധി പരാതികൾ ഉണ്ടായിരുന്നിട്ടും, പ്രതികളെ സംരക്ഷിക്കുന്ന നിലപാട് പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല.
ഉത്തരവാദിത്തത്തോടെയല്ല, മറിച്ച് പ്രകോപനപരമായാണ് സതീശൻ പ്രതികരിച്ചത്. അദ്ദേഹത്തെപ്പോലുള്ള ഒരാൾ അങ്ങനെ പ്രതികരിക്കണൊ ? അദ്ദേഹത്തിന്റെ പ്രതികരണം അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന ഉത്തരവാദിത്തത്തെ പ്രതിഫലിപ്പിക്കുന്നില്ല. രാഹുൽ മാംകൂട്ടത്തിലിനെതിരെ നിയമപരമായി സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും.”- പിണറായി പറഞ്ഞു.

