തിരുവനന്തപുരം: എഡിജിപി എസ്. ശ്രീജിത്തിനെ അപമാനിച്ചതിന് രാഷ്ട്രീയ നിരീക്ഷകനും യൂട്യൂബറുമായ കെ.എം. ഷാജഹാനെതിരെ പോലീസ് കേസെടുത്തു.
എഡിജിപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പോലീസ് കേസ് ഫയൽ ചെയ്തത്. ശബരിമല സ്വർണ്ണ മോഷണക്കേസിൽ എഡിജിപിക്ക് ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് ഷാജഹാൻ യൂട്യൂബ് വീഡിയോ നിർമ്മിച്ചതായി പരാതിയിൽ പറയുന്നു. അത്തരം മൂന്ന് വീഡിയോകളിലും എ ഡി ജിപിയ്ക്ക് ശബരിമല മോഷണവുമായി ബന്ധമുണ്ടെന്നായിരുന്നു ഷാജഹാൻ പരാമർശിച്ചത് .
പരാമർശങ്ങൾ എഡിജിപിയെ അപകീർത്തിപ്പെടുത്തുക മാത്രമല്ല, പൊതുജനങ്ങൾക്കിടയിൽ പോലീസ് വകുപ്പിനോട് അനാദരവ് സൃഷ്ടിക്കുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു.
മതത്തിന്റെ അടിസ്ഥാനത്തിൽ സമുദായങ്ങൾ തമ്മിലുള്ള ശത്രുത വളർത്തി കലാപം സൃഷ്ടിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് പ്രസ്താവനയെന്നും എഫ്ഐആറിലുണ്ട്. സിപിഎം നേതാവ് കെ ജെ ഷൈനും വൈപ്പിൻ എംഎൽഎ ഉണ്ണികൃഷ്നുമെതിരായ സൈബർ അധിക്ഷേപ കേസില്‍ സെപ്റ്റംബറില്‍ കെ എം ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു കേസ്.

