കൊച്ചി: പതിനൊന്ന് വയസ്സുള്ള മകനെ ക്രൂരമായി മർദ്ദിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ആക്രമണത്തിൽ കുട്ടിയുടെ ഒരു കൈയ്ക്ക് ഒടിവ് സംഭവിച്ചു. തമിഴ്നാട് സ്വദേശിയായ ശിവകുമാറിനെയാണ് അറസ്റ്റ് ചെയ്തത്.
ഇൻസ്ട്രമെന്റ് ബോക്സ് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞാണ് ശിവകുമാർ മകൻ സഞ്ജയിനെ ക്രൂരമായി മർദ്ദിച്ചത് . മാർച്ച് ഒന്നിന് രാത്രി 8.30 ഓടെയാണ് സംഭവം. പോലീസിന് നൽകിയ മൊഴിയിൽ, പിതാവ് മരക്കഷണം കൊണ്ട് തന്റെ ഇടതു കൈയിലും കാലിലും അടിച്ചതായി മകൻ പറഞ്ഞു.
രാത്രി കൈയ്ക്ക് വേദന കൂടിയതോടെ അച്ഛൻ തന്നെ കുട്ടിയെ എറണാകുളം ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു . മകൻ സൈക്കിളിൽനിന്ന് വീണെന്നാണ് ഡോക്ടറോട് പറഞ്ഞത്. എന്നാൽ അടുത്ത ദിവസം അമ്മ കാണാനെത്തിയതോടെയാണ് തന്നെ അച്ഛൻ തല്ലിയതാണെന്ന് കുട്ടി പറഞ്ഞത്.
തുടർന്ന് ആശുപത്രിയിൽനിന്ന് വിവരം അറിയിക്കുകയും കളമശേരി പൊലീസ് അച്ഛനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.