തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസ്സുള്ള മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശ്രീതു അറസ്റ്റിൽ . അമ്മയുടെ സമ്മതത്തോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. മാത്രമല്ല ശ്രീതുവിന്റെ ഭർത്താവ് ശ്രീജിത്തല്ല കുഞ്ഞിന്റെ പിതാവെന്നും ഡി എൻ എ പരിശോധനയിൽ വ്യക്തമായി.
ശ്രീതുവിന്റെ സഹോദരൻ ഹരികുമാറിനെ കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ ശ്രീതുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശ്രീതുവിനെ പാലക്കാട് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ജനുവരി 30 നാണ് വാടകയ്ക്കു താമസിക്കുന്ന കോട്ടുകാൽകോണം വാറുവിള വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .നാടിനെ നടുക്കിയ സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതി ഹരികുമാറിനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞെങ്കിലും, കേസിൽ നിരവധി ദുരൂഹതകൾ ഉണ്ടായിരുന്നു.തന്റെ സഹോദരി ശ്രീതുവുമായി തനിക്ക് രഹസ്യ ബന്ധമുണ്ടെന്ന് ഹരികുമാർ പോലീസിനോട് പറഞ്ഞു. ഈ ബന്ധത്തിന് തടസ്സമായതിനാൽ കുട്ടിയെ കിണറ്റിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയെന്നാണ് ഹരികുമാർ പൊലീസിനോട് പറഞ്ഞത് .
കുറ്റകൃത്യം നടന്ന ദിവസം, ഹരികുമാർ ശ്രീതുവിനെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു. വാട്ട്സ്ആപ്പ് വഴി തന്റെ മുറിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. അതനുസരിച്ച്, ശ്രീതു മുറിയിലെത്തി, പക്ഷേ കുട്ടി കരഞ്ഞപ്പോൾ തിരികെ പോയി. ഇതിൽ പ്രകോപിതനായ ഹരികുമാർ കുഞ്ഞിനെ കിണറ്റിൽ എറിയുകയായിരുന്നു.
കുറ്റകൃത്യത്തിൽ തന്റെ സഹോദരിക്ക് പങ്കുണ്ടെന്ന് ഹരികുമാർ നേരത്തെ പോലീസിനോട് പറഞ്ഞിരുന്നു, പക്ഷേ ശ്രീതു അത് നിഷേധിച്ചിരുന്നു. എന്നാൽ, കൊലപാതകത്തിൽ ശ്രീതുവിനും പങ്കുണ്ടെന്ന് പോലീസ് ഇപ്പോൾ ഫോറൻസിക് പരിശോധന വഴി സ്ഥിരീകരിച്ചിരിക്കുകയാണ്. ഇന്നലെയാണ് അവരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്, ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും.

