വാഷിംഗ്ടൺ: അടുത്ത 48 മണിക്കൂറിനുള്ളിൽ സമാധാന കരാറിലെത്തിയില്ലെങ്കിൽ ഇറാനെ മുഴുവൻ നശിപ്പിക്കുമെന്ന് അമേരിക്ക . ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 8 മണിയോടെ ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് നേരത്തെ സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചിരുന്നു. ഇറാനിയൻ പൗരന്മാരുടെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
‘നമ്മൾ മുഴുവൻ രാജ്യത്തെയും നശിപ്പിക്കും. അവർക്ക് നല്ലൊരു അവസരമുണ്ട്, പക്ഷേ അവർ ഒരു കരാറിലെത്തിയില്ലെങ്കിൽ, ഞാൻ അവിടെയുള്ളതെല്ലാം നശിപ്പിക്കും. ഇറാൻ നശിപ്പിക്കപ്പെടുന്നു. അത് ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. അവർ എല്ലാ ദിവസവും പുതിയ പാലങ്ങളും വൈദ്യുത നിലയങ്ങളും നിർമ്മിക്കേണ്ടിവരും. ഇതുപോലെ ആക്രമിക്കപ്പെട്ട മറ്റൊരു രാജ്യവുമില്ല,’ ട്രംപ് പറഞ്ഞു.
ഇറാൻ ജനത യുദ്ധത്തെ പിന്തുണയ്ക്കുന്നുവെന്നും ട്രംപ് സൂചന നൽകി. ‘ഇറാൻ ജനത ഭയത്തിലാണ് ജീവിക്കുന്നത്. യുദ്ധം പാതിവഴിയിൽ നിർത്തുമെന്ന് അവർ ഭയപ്പെടുന്നു, പക്ഷേ ഞങ്ങൾ പോകില്ല,’ ട്രംപ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം, ഇറാന്റെ തലസ്ഥാനമായ ടെഹ്റാന്റെ തെക്കുപടിഞ്ഞാറായി ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും ഒരു റെസിഡൻഷ്യൽ കോംപ്ലക്സ് തകരുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം അമേരിക്കയോ ഇസ്രായേലോ ഏറ്റെടുത്തിട്ടില്ല. ടെഹ്റാനിലെ ഷെരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലും ആക്രമണം നടന്നു.
ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ആക്രമണം. . ഹോർമുസ് കടലിടുക്ക് നാളെ തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങളും പാലങ്ങളും നശിപ്പിക്കുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ ഭീഷണിപ്പെടുത്തിയിരുന്നു.

