ന്യൂഡൽഹി: യെമനിൽ ജയിലിലായ മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി . സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലാണ് ഹർജി സമർപ്പിച്ചത്. ധശിക്ഷ നടപ്പാക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഹർജി നൽകിയിരിക്കുന്നത്.
അഭിഭാഷകനായ കെ ആർ സുഭാഷ് ചന്ദ്രൻ സമർപ്പിച്ച ഹർജി ജൂലൈ 14 ന് സുപ്രീം കോടതി പരിഗണിക്കും. വധശിക്ഷ തടയാൻ അടിയന്തര നയതന്ത്ര ഇടപെടൽ വേണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. അതേസമയം നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും നീക്കങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവ് കുറഞ്ഞത് ഒരു മാസത്തേക്കെങ്കിലും താൽക്കാലികമായി മരവിപ്പിക്കുക എന്നതാണ് ആദ്യ ശ്രമം.
കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയുടെ കുടുംബത്തെ കാണാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ആറ് മാസം മുമ്പ് ഒരു യോഗം നടന്നിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിൽ ചിലർ ക്ഷമിക്കാൻ തയ്യാറാകുന്നില്ല എന്നതാണ് വെല്ലുവിളി. അതേസമയം, വിദേശകാര്യ മന്ത്രാലയം ഇറാനുമായി ആശയവിനിമയം തുടരുകയാണ്. നിമിഷ പ്രിയ യെമനിലെ വിമത ഗ്രൂപ്പായ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ഒരു ജയിലിലാണ്. ഇറാനും ഹൂത്തികളും തമ്മിലുള്ള നല്ല ബന്ധം പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
മുൻകാലങ്ങളിലും സമാനമായ ശ്രമങ്ങൾ നടന്നിട്ടുണ്ട്. സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ ഏകദേശം 1 ദശലക്ഷം ഡോളർ (8.6 കോടി) രക്തപ്പണമായി നൽകാൻ തയ്യാറാണ്. തലാലിന്റെ കുടുംബം ഇതുവരെ മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടില്ല. ഒരു നിശ്ചിത സമയത്തിനുള്ളിൽ അവർ മാപ്പ് നൽകിയാൽ, നിമിഷ പ്രിയയുടെ മോചനം സാധ്യമാകും

