ന്യൂഡൽഹി: ഈ വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ എൽഡിഎഫിനെ നയിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി . പത്ത് വർഷമായി കേരളത്തെ സമാനതകളില്ലാത്ത വികസനത്തിലേക്ക് നയിച്ച ജനകീയ നേതാവുമാണ് പിണറായി വിജയനെന്നും ബേബി പറഞ്ഞു.
“ഇന്ന് കേരളത്തിലെ ഏറ്റവും പ്രമുഖനായ നേതാവ് പിണറായി വിജയനാണ്. അദ്ദേഹം കഴിവുള്ളവനും കാര്യക്ഷമനും ജനപ്രിയനുമായ നേതാവാണ്, അതുകൊണ്ടാണ് അദ്ദേഹം ആക്രമിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പിൽ മുന്നണിയുടെ പോരാട്ടത്തിന് നേതൃത്വം നൽകാൻ ജോസ് കെ. മാണിയും ബിനോയ് വിശ്വവും മുൻപന്തിയിലുണ്ടാകും . ഏതെങ്കിലും ഒരു വ്യക്തിയെ കേന്ദ്രീകരിച്ചായിരിക്കില്ല തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ. എൽഡിഎഫ് പല പാർട്ടികളുടെയും മുന്നണിയാണ്, അതിന്റെ എല്ലാ പ്രധാന നേതാക്കളും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
എൽഡിഎഫ് പോരാട്ടത്തിൽ എല്ലാ പാർട്ടികളുടെയും നേതാക്കൾ നേതൃസ്ഥാനത്തുണ്ടാകും. ബിനോയ് വിശ്വം, ജോസ് കെ. മാണി തുടങ്ങിയവർ ഉണ്ടാകും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉണ്ടാകും. സഹായിക്കാൻ ഞങ്ങളും വരും . മുഖ്യമന്ത്രിയാകാൻ സ്വപ്നം കാണുന്ന നിരവധി നേതാക്കൾ യുഡിഎഫിലുണ്ട്. ബേബി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലുള്ളവർ ജനകീയ രാഷ്ട്രീയത്തെ സ്നേഹിക്കുന്നവരാണെന്നും അതിൽ ആരാണ് വ്യത്യസ്ത ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുക എന്ന സംശയത്തിന് എൽഡിഎഫിന് മുന്നിൽ ആ ചോദ്യം വരുമ്പോൾ ഉത്തരം ലഭിക്കുമെന്നും “ – എം.എ. ബേബി വ്യക്തമാക്കി

