കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ , മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് വിജിലൻസ്
നിലവിൽ സി എം ആർ എല്ലിൽ നിന്ന് പണം കൈക്കൂലി വാങ്ങിയ കേസിൽ പിണറായി വിജയനാണ് ഒന്നാം പ്രതി . രണ്ടാമത്തെ ഹവാല കേസിൽ, പി.എ. മുഹമ്മദ് റിയാസിനെയാണ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോലീസിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി നൽകിയ നിർദ്ദേശവും നിയമോപദേശവും കണക്കിലെടുത്താണ് വിജിലൻസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്.
സിഎംആർഎൽ വീണയുടെ കമ്പനിയായ ‘എക്സാലോജിക് സൊല്യൂഷൻസി’ന് പണം നൽകിയെന്ന ആരോപണവും, റിയാസുമായി ബന്ധപ്പെട്ട പണമിടപാടുകളിൽ ഹവാല മാർഗങ്ങളിലൂടെ വിദേശത്തേക്ക് പണം കൈമാറ്റം ചെയ്തെന്ന ആരോപണവും എഫ് ഐ ആറിൽ പറയുന്നു. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം,മാസപ്പടിക്കേസിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ ഹൈക്കോടതിയെ സമീപിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് നാല് റിട്ട് ഹർജികൾ സമർപ്പിച്ചിരിക്കുന്നത്. ഹർജികൾ ഉച്ചയ്ക്ക് 1.45ന് കോടതി പരിഗണിക്കും.

