ന്യൂഡൽഹി : തിരുപ്പുറകുണ്ഡ്രം ദീപത്തൂണിൽ കാർത്തിക വിളക്ക് തെളിയിച്ചത് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാരായ അമിത് ഷായും, രാജ്നാഥ് സിംഗും. ദീപമേറ്റുന്ന ദൃശ്യങ്ങൾ പങ്ക് വച്ചാണ് അമിത് ഷായുടെ സോഷ്യൽ മീഡിയ പോസ്റ്റ്. കാർത്തിക വിളക്കിന്റെ പ്രകാശം എല്ലാ അന്ധകാരത്തെയും അകറ്റുമെന്നും , മുരുകഭഗവാന്റെ വേൽ എല്ലാ ദുഷ്ട ശക്തികളെയും നശിപ്പിക്കുമെന്നുമാണ് അമിത് ഷായുടെ എക്സ് പോസ്റ്റ് .
‘ വെട്രിവേൽ കയ്യിലേന്തിയ മുരുകഭഗവാന് നമസ്കാരം. മുരുകഭഗവാൻ വേൽ ഉപയോഗിച്ച് തിന്മകളെ നശിപ്പിക്കും . കാർത്തിക ദീപത്തിന്റെ പ്രകാശം എല്ലാ അന്ധകാരത്തെയും നീക്കുന്നു. മുരുകഭഗവാൻ എല്ലാവർക്കും സന്തോഷവും ക്ഷേമവും സമൃദ്ധിയും നൽകി അനുഗ്രഹിക്കട്ടെ, അധർമ്മത്തെ നശിപ്പിക്കട്ടെ, ജ്ഞാനം പകരട്ടെ‘ അമിത് ഷാ കുറിച്ചു.
കാർത്തിക വിളക്ക് കൊളുത്തിയ നിമിഷം ദിവ്യമായ ആനന്ദത്തിന്റെ നിമിഷങ്ങളാണെന്നാണ് രാജ്നാഥ് സിംഗ് കുറിച്ചത്. ‘ വെട്രി വേൽ വീരവേൽ , പവിത്രമായ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കുന്നത് അഗാധമായ ആത്മീയ പ്രാധീന്യമുള്ള നിമിഷമാണ്. ഈ ജ്വലിക്കുന്ന ദീപം വിശ്വാസത്തിന്റെയും ഭക്തിയുടെയും, നമ്മുടെ സംസ്കാരത്തിന്റെ അനശ്വര പ്രകാശത്തിന്റെയും കാലാതീതമായ അടയാളമാണ്. കാർത്തിക ദീപം ഓരോ ഹൃദയത്തെയും പ്രകാശിപ്പിക്കട്ടെ. നമ്മുടെ സമ്പന്നമായ ആത്മീയ -സാംസ്ക്കാരിക പാരമ്പര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നമുക്ക് ഇത് പ്രചോദനമാകട്ടെ ‘ എന്നാണ് രാജ്നാഥ് സിംഗ് സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചത്.

