വൈക്കം : നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും.
വൈക്കം വലിയ കവലയിൽ 84 സെന്റിലാണ് സ്മാരകം നവീകരിച്ചിരിക്കുന്നത്.
പ്രതിമ, മ്യൂസിയം, എന്നിവയാണ് ഇവിടെ പ്രവർത്തിക്കുന്നത്. സ്മാരകത്തിന് പുറമേ പെരിയാർ ഗ്രന്ഥശാലയുടെ ഉദ്ഘാടനവും നടന്നു. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 8.14 കോടി രൂപ ചിലവിലാണ് സ്മാരകം നവീകരിച്ചത് .
എം ജി ആർ തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കുന്ന കാലഘട്ടത്തിൽ, 1985ൽ കേരള സർക്കാർ വൈക്കം വലിയ കവലയിൽ സ്മാരകം നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. എംജിആറിന്റെ നിർദ്ദേശപ്രകാരം തമിഴ്നാട് മന്ത്രി നാവലർ വി ആർ നെടുഞ്ചഴിയൻ തറക്കല്ലിട്ടു . 1994 ൽ സ്മാരകം തുറന്നു കൊടുത്തു.
വൈക്കം ബീച്ച് മൈതാനത്ത് നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. കേരളത്തിലെ മന്ത്രിമാരായ വി എൻ വാസവൻ,സജി ചെറിയാൻ, തമിഴ്നാട് മന്ത്രിമാരായ ദൂരൈ മുരുകൻ, ഇ വി വേലു, എം പി സ്വാമിനാഥൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
രാവിലെ കുമരകത്ത് ഇരു മുഖ്യമന്ത്രിമാരും താമസിച്ചിരുന്ന റിസോർട്ടിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിൽ മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്യുമെന്നാണ് കരുതിയിരുന്നത്, എന്നാൽ ഇതുണ്ടായില്ല.