കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി . ഉദുമ മുൻ എം എൽ എ കെവി കുഞ്ഞിരാമൻ , മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരും പ്രതികളാണെന്ന് എറണാകുളം സിബിഐ കോടതി കണ്ടെത്തി . 10 പേരെ കുറ്റവിമുക്തരാക്കി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെയുള്ള കൊലപാതകക്കുറ്റം തെളിഞ്ഞു.
20 മാസത്തോളം നീണ്ട വിചാരണകൾക്കൊടുവിലാണ് വിധി വന്നത് . 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത്ലാലിനെയും (23) കൃപേഷിനെയും (19) രാഷ്ട്രീയ വൈരാഗ്യം മൂലം വെട്ടിക്കൊലപ്പെടുത്തിയത് . 24 പേരെയാണ് കേസിൽ പ്രതികളായി ചേർത്തിരുന്നത്. ഒന്നാം പ്രതി സിപിഎം പെരിയ മുൻ ലോക്കൽ കമ്മിറ്റിയംഗം എ പീതാംബരനാണ്.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉദുമ മുൻ ഏരിയ സെക്രട്ടറിയുമായ കെ.മണികണ്ഠൻ, പെരിയ മുൻ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണൻ എന്നിവരും പ്രതികളാണ്. പീതാംബരനടക്കം 14 പേരെ ക്രൈംബ്രാഞ്ചും കെ വി കുഞ്ഞിരാമൻ അടക്കം 10 പേറെ സിബിഐ ഡിവൈഎസ്പി ടിപി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് അറസ്റ്റ് ചെയ്തത് . കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത 11 പേരും , സിബിഐ അറസ്റ്റ് ചെയ്ത 5 പേരും ഇപ്പോഴും ജയിലിലാണ്.