പത്തനംതിട്ട: പതിനേഴുകാരിയെ ജീവനോടെ കത്തിച്ച കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം തടവ് വിധിച്ച് പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി .നാരങ്ങാനം സ്വദേശിയായ ശശിയുടെ മകൾ 17 വയസ്സുള്ള സരികയെ കൊലപ്പെടുത്തിയ കേസിൽ കടമ്മനിട്ട കല്ലേലിമുക്കിലെ തെക്കുംപറമ്പിൽ വീട്ടിൽ സജിൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ജഡ്ജി ജി.പി. ജയകൃഷ്ണനാണ് സജിന്‍ ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചത് . കൂടാതെ, ഐ.പി.സി സെക്ഷൻ 326(ബി) പ്രകാരം ഏഴ് വർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 പ്രകാരം ഒരു വർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും കൂടി വിധിച്ചു. എല്ലാ ശിക്ഷകളും ഒരുമിച്ച് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ, കുറ്റവാളി മൂന്ന് വർഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം.
2017 ജൂലൈ 14 നാണ് സംഭവം . പെൺകുട്ടിയെ പ്രതി പ്രണയാഭ്യർത്ഥനയുടെ പേരിൽ ശല്യപ്പെടുത്താറുണ്ടായിരുന്നു. സംഭവദിവസം സരിക അമ്മാവന്റെ വീട്ടിലായിരുന്നു. ഇവിടെ എത്തിയ സജിൻ സരികയോട് ഒപ്പം ഇറങ്ങി വരാൻ ആവശ്യപ്പെട്ടു.പെണ്‍കുട്ടി നിരാകരിച്ചതിനെ തുടര്‍ന്നാണ് പ്രതി പെണ്‍കുട്ടിയെ തീ കൊളുത്തിയത്. കൈയ്യിൽ കരുതിയിരുന്ന പെട്രോൾ പെൺകുട്ടിയുടെ ശരീരത്തേയ്ക്ക് ഒഴിച്ച സജിൻ തുടർന്ന് വാതിലിനടുത്ത് കത്തിച്ച മെഴുകുതിരി തട്ടി സരികയുടെ ശരീരത്തേയ്ക്ക് ഇടുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ സരികയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഒടുവിൽ കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. ജൂലൈ 22 ന് അവിടെ വച്ച് മരണപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ മരണമൊഴിയും പ്രതിയുടെ പൊള്ളലേറ്റ പരിക്കുകളും വിചാരണ വേളയിൽ നിർണായക തെളിവായിരുന്നു. അന്ന് കോഴഞ്ചേരി സിഐയും ഇപ്പോൾ നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയുമായ ബി അനിൽ പ്രതിയെ അറസ്റ്റ് ചെയ്തു. അദ്ദേഹം പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ആദ്യ കുറ്റപത്രം സമർപ്പിച്ചു. ആറന്മുള സ്റ്റേഷനിലെ ഇൻസ്പെക്ടറായിരുന്ന സിഐ സികെ മനോജാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഹരിശങ്കർ പ്രസാദ് കോടതിയിൽ പ്രോസിക്യൂഷനു വേണ്ടി ഹാജരായി

