തിരുവനന്തപുരം: ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു. വിവാദമായ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് രാജി. സംഭവത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നേരത്തെ പാലോട് രവിയോട് വിശദീകരണം തേടിയിരുന്നു. പാലോട് രവിയുടെ രാജി സ്വീകരിച്ചതായി സണ്ണി ജോസഫ് പ്രഖ്യാപിച്ചു. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ ജലീലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് പ്രഖ്യാപിച്ചു.
കോൺഗ്രസ് പാർട്ടിയെ നിശിതമായി വിമർശിച്ചുകൊണ്ട് പാലോട് രവി നടത്തിയ ഫോൺ സംഭാഷണം ചോർന്നതാണ് വിവാദമായത്. പാർട്ടിയിൽ ഉയരുന്ന അസംതൃപ്തിയെക്കുറിച്ചും വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തെത്തുന്നതിനെക്കുറിച്ചുമാണ് പാലോട് രവി പറയുന്നത്.
“പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് വീഴും. നിയമസഭാ തിരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തേക്ക് പോകും . മുസ്ലീം വിഭാഗം മറ്റ് പാർട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും, കുറച്ചുപേർ ബിജെപിയിൽ ചേരും. 60 നിർണായക നിയമസഭാ സീറ്റുകളിൽ ബിജെപി കടന്നുകയറും . മാർക്സിസ്റ്റ് പാർട്ടി മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തും. താഴെത്തട്ടിൽ ആളുകളുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു കോൺഗ്രസ് നേതാവ് പോലും ഇല്ല. നേതാക്കൾ പിന്നിൽ നിന്ന് കുത്താനുള്ള ഊഴത്തിനായി കാത്തിരിക്കുകയാണ്.”എന്നാണ് പാലോട് രവി ഫോണിൽ പറയുന്നത് .
ഈ ഫോൺ കോളിനെക്കുറിച്ച് പാലോട് രവി വിശദീകരണം നൽകിയിരുന്നു. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഒരുമിച്ച് മുന്നേറാനുള്ള സന്ദേശം നൽകുകയാണെന്നും മണ്ഡലങ്ങളിൽ ജാഗ്രത പാലിക്കാൻ പ്രവർത്തകനോട് പറഞ്ഞുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

