പാലക്കാട് ; പാലക്കാട് ഇന്ന് വിധിയെഴുതും . രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ രണ്ട് മണിക്കൂറിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത് . എന്നാൽ പത്ത് മണിയോടെ ബൂത്തുകളിലെത്തുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടു. രാവിലെ 10.30 വരെയുള്ള കണക്ക് പ്രകാരം 2021 നെ അപേക്ഷിച്ച് ആറ് ശതമാനം വരെ കുറവാണ് ഉണ്ടായിരിക്കുന്നത് .
10 സ്ഥാനാർത്ഥികളാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്. ബിജെപിയുടെ സി. കൃഷ്ണകുമാറും കോൺഗ്രസിൻ്റെ രാഹുൽ മാങ്കൂട്ടത്തിലും സിപിഎം സ്വതന്ത്രനായി പി. സരിനും നിയമസഭ സീറ്റിലേക്ക് മത്സരിക്കുന്നു.
വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്. 184 ബൂത്തുകളിലും വോട്ടെടുപ്പ് തുടരുകയാണ്. ശക്തമായ ത്രികോണ മത്സരമാണ് പാലക്കാട് അരങ്ങേറുന്നത്. സന്ദീപ് വാര്യർ ബിജെപി വിട്ടുപോയതിന്റെ പ്രതിഫലനവും ഇക്കുറി അറിയാകാനാകും. 1,94,706 വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതിൽ 1,00,290 പേർ സ്ത്രീ വോട്ടർമാരാണ്. 229 പ്രവാസി വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
അതേസമയം തെരഞ്ഞെടുപ്പ് കഴിഞ്ഞാലെങ്കിലും രാഹുൽ മാങ്കൂട്ടത്തിലിന് സ്ഥിരബുദ്ധിയുണ്ടാകട്ടേയെന്നാണ് ഇടത് സ്ഥാനാർത്ഥി സരിൻ പറഞ്ഞത് . ഇതെല്ലാം ജനങ്ങൾ കേൾക്കുന്നുണ്ടെന്നും, നല്ല ഭൂരിപക്ഷം താൻ നേടുമെന്നുമാണ് രാഹുലിന്റെ മറുപടി. എന്നാൽ പാലക്കാട് ഇത്തവണ വികസനത്തിനൊപ്പം നിൽക്കുമെന്നും, മികച്ച വിജയം നേടുമെന്നും ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍ പറഞ്ഞു.