കൊച്ചി : ഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ ഏറ്റെടുത്തിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ-തൊയ്ബയുടെ മുന്നണി സംഘടനയാണ് ടിആർഎഫ്. ഈ ആക്രമണത്തിന്റെ സൂത്രധാരൻ സജ്ജാദ് ഗുൽ ആണെന്ന് ദേശീയ അന്വേഷണ ഏജൻസി തിരിച്ചറിഞ്ഞിരുന്നു . ടിആർഎഫ് മേധാവി സജ്ജാദിന് കേരളത്തിൽ അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ .
ശ്രീനഗറിലും ബെംഗളൂരുവിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിക്കാൻ സജ്ജാദ് ഗുൽ കേരളത്തിലെത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. പഠനം പൂർത്തിയാക്കിയ ശേഷം സജ്ജാദ് ഗുൽ ശ്രീനഗറിലേക്ക് മടങ്ങി അവിടെ ഒരു മെഡിക്കൽ ലാബ് സ്ഥാപിച്ചു. ലാബ് നടത്തുന്നതിനിടയിലാണ് സജ്ജാദ് ഗുൽ തീവ്രവാദത്തിലേക്ക് തിരിഞ്ഞത്.
തീവ്രവാദ പ്രവർത്തനങ്ങളിൽ സഹായിച്ചുകൊണ്ടാണ് ഗുൽ ആദ്യം തുടങ്ങിയത്. കശ്മീരിൽ ഭീകരാക്രമണങ്ങൾ നടത്താൻ പാകിസ്ഥാൻ ചാര ഏജൻസിയായ ഐഎസ്ഐയാണ് സജ്ജാദിനെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ചത്. പിന്നീട് തീവ്രവാദിയായി ഉയർന്നുവന്ന് ടിആർഎഫിന്റെ തലവനായി. 2002-ൽ ഡൽഹിയിലെ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ ആർഡിഎക്സുമായി പിടിക്കപ്പെടുകയും പിന്നീട് 15 വർഷം ജയിലിൽ കഴിഞ്ഞതിന് ശേഷം മോചിപ്പിക്കപ്പെടുകയും ചെയ്തു. 2022-ൽ തീവ്രവാദിയായി പ്രഖ്യാപിക്കപ്പെട്ട സജ്ജാദിന്റെ തലയ്ക്ക് 10 ലക്ഷം രൂപ ഇനാം ഉണ്ടായിരുന്നു.

