തിരുവനന്തപുരം : വയോധികയുടെ മൃതദേഹം സംസ്ക്കരിക്കുന്നതിനിടെ ശരീരത്തിനുള്ളിൽ ഘടിപ്പിച്ചിരുന്ന പേസ് മേക്കർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ഗുരുതര പരിക്ക് . തിരുവനന്തപുരം പള്ളിപ്പുറത്താണ് സംഭവം.
കരിച്ചാറ സ്വദേശി സുന്ദരന്റെ കാലിലാണ് പേസ് മേക്കറിന്റെ ഭാഗങ്ങൾ തുളച്ചു കയറിയത് . ചൊവ്വാഴ്ച്ച മരണപ്പെട്ട പള്ളിപ്പുറം സ്വദേശി വിമലയമ്മയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് വീട്ടുവളപ്പിൽ സംസ്ക്കരിച്ചത് . സംസ്ക്കാരത്തിനിടെ ശരീരത്തിനുള്ളിലെ പേസ്മേക്കൽ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന്റെ ചീളുകൾ സമീപത്ത് നിന്ന സുന്ദരന്റെ കാൽ മുട്ടിലേയ്ക്കാണ് തുളച്ച് കയറിയത് .
പരിഭ്രാന്തരായ വീട്ടുകാർ സുന്ദരനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഹൃദ്രോഗിയായ വീട്ടമ്മയ്ക്ക് അടുത്തിടെയാണ് പേസ്മേക്കർ ഘടിപ്പിച്ചത് . സാധാരണ മരണശേഷം പേസ് മേക്കർ നീക്കം ചെയ്യാറുണ്ട്. എന്നാൽ വീട്ടിൽ വച്ചായിരുന്നു വയോധികയുടെ മരണം സംഭവിച്ചത് . മരണശേഷം വീട്ടുകാർ പേസ് മേക്കർ ഘടിപ്പിച്ചിരുന്ന വിവരം വീട്ടുകാരെ വിളിച്ച് അറിയിച്ചിരുന്നു.

