കൊല്ലം: രാജ്യത്തെ ആദ്യത്തെ 24×7 ഓൺലൈൻ കോടതി ബുധനാഴ്ച കൊല്ലത്ത് പ്രവർത്തിച്ച് തുടങ്ങും. കൊല്ലത്തെ മൂന്ന് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിലെയും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെയും ചെക്ക് ബൗൺസ് കേസുകൾ ഇവിടെയാണ് പരിഗണിക്കുക. ഒരു മജിസ്ട്രേറ്റും മൂന്ന് കോടതി ജീവനക്കാരുമാണ് ഇവിടെ ഉള്ളത്.
24 മണിക്കൂറും കേസ് ഫയൽ ചെയ്യാവുന്ന രാജ്യത്തെ ആദ്യ കോടതിയാണിത്. ഓൺലൈനായി തന്നെ കേസിന്റെ എല്ലാ നടപടികളും പൂർത്തിയാക്കാം. ഏത് സമയത്തും എവിടെ ഇരുന്നും കോടതി നടപടിക്രമങ്ങളിൽ ഓൺലൈനായി പങ്കെടുക്കാം.
കക്ഷികളോ, അഭിഭാഷകരോ നേരിട്ട് വരാതെ ഓൺലൈനായി വാദവും, വിചാരണയും നടക്കുന്ന രീതിയിലാണ് കോടതി സജ്ജീകരിച്ചിരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ വെബ്സൈറ്റ് വഴിയാണ് കേസ് രജിസ്റ്റർ ചെയ്യേണ്ടത്. കക്ഷികളും ജാമ്യക്കാരും ഓൺലൈനായി ജാമ്യമെടുക്കാനാകും . രേഖകൾ അപ്ലോഡ് ചെയ്താൽ മാത്രം മതി. പ്രതികൾക്കുള്ള സമൻസ് പൊലീസ് സ്റ്റേഷനുകളിലേക്ക് അയയ്ക്കുന്നതും ഓൺലൈനായാണ്. ഫീസ് ഇ-പെയ്മെന്റ് വഴി അടയ്ക്കാം.കേസിന്റെ നടപടികൾ ആർക്കും പരിശോധിക്കുകയുമാകാം.