തൃശൂർ: തൃശൂർ കൊടകരയിൽ ഇരുനില കെട്ടിടം തകർന്നുവീണ് മൂന്ന് മരണം . രാവിലെ 6 മണിയോടെയാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശികളായ രാഹുൽ (19), രൂപൽ (21), അലീം (30) എന്നിവരാണ് മരിച്ചത്. രാഹുലിനെ ജീവനോടെ പുറത്തെടുത്തെങ്കിലും ആശുപത്രിയിൽ എത്തിച്ച് അല്പസമയത്തിനുള്ളിൽ മരിച്ചു. രൂപലിന്റെയും അലീമിന്റെയും മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് കണ്ടെടുത്തത്.
കൊടകര പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കെട്ടിടത്തിൽ 17 കുടിയേറ്റ തൊഴിലാളികൾ താമസിച്ചിരുന്നു. ഇവരിൽ 14 പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഭൂരിഭാഗം താമസക്കാരും ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു അപകടം .
പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം കഴിഞ്ഞ രാത്രിയിൽ പ്രദേശത്ത് പെയ്ത കനത്ത മഴയെത്തുടർന്നാണ് തകർന്നുവീണതെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ പൊലീസും ഫയർ ആൻഡ് റെസ്ക്യൂ ടീമുകളും ചേർന്ന് പ്രദേശവാസികളുമാണ് വീടിനുള്ളിൽ കുടുങ്ങിയവരെ രക്ഷാപെടുത്താനായെത്തിയത്. പിന്നീട് ജെസിബി എത്തിച്ച് കെട്ടിടാവശിഷ്ടങ്ങളൊക്കെ നീക്കി തിരച്ചില്‍ ഊർജിതപ്പെടുത്തി.

