പാലക്കാട്: കേരളത്തിലെ വെള്ളപ്പൊക്കം മനുഷ്യനിർമിതമാണെന്ന മൂവാറ്റുപുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടന്റെ ആരോപണങ്ങൾ തള്ളി മന്ത്രി കെ. കൃഷ്ണൻകുട്ടി . മാത്യു കുഴൽനാടൻ പുറത്തുവിട്ട ഓഡിയോ തന്റേതല്ലെന്നും അത് എ.ഐ ആണോ എന്ന് തനിക്ക് സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ ഇന്ന് തന്നെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി
കെ. കൃഷ്ണൻകുട്ടിയുടേതാണെന്ന് അവകാശപ്പെട്ട് മുൻ മന്ത്രി മാത്യു ടി തോമസിന്റെ പേര് പരാമർശിക്കുന്ന ഒരു ഓഡിയോ സന്ദേശം മാത്യു കുഴൽനാടൻ ഇന്ന് രാവിലെ പുറത്തിറക്കിയിരുന്നു. പ്രളയകാലത്ത് തോട്ടപ്പള്ളി സ്പിൽ വേ തുറക്കാൻ വൈകിയതിനെ കുറിച്ചും , പെരിങ്ങൽക്കുത്തിലേയ്ക്ക് ജലം ഒഴുക്കിയതിൽ ക്രമക്കേടും,അഴിമതിയും നടന്നെന്ന കാര്യവും കൃഷ്ണൻകുട്ടി ഒരു പാർട്ടി നേതാവിനോട് പറയുന്ന ശബ്ദരേഖയാണ് കുഴൽനാടൻ ഇന്ന് വാർത്താസമ്മേളനത്തിൽ പങ്കുവെച്ചത്.
തോട്ടപ്പള്ളി സ്പിൽവേ കരിമണൽ ലോബിക്കായി തുറക്കുന്നത് തടയാൻ മാത്യു ടി തോമസ് ഇടപെട്ടുവെന്നും മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു.
എന്നാൽ ഇത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ആരോപണമാണെന്ന് കെ കൃഷ്ണൻ കുട്ടി പറയുന്നത്. ‘ മാത്യു ടി തോമസിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താനാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. ഓഡിയോ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം. വെള്ളപ്പൊക്കം മനുഷ്യനിർമ്മിതമാണെങ്കിൽ, കുഴൽനാടൻ എന്തുകൊണ്ട് അത് സഭയിൽ ഉന്നയിച്ചില്ല? ഇത് ഐഐടി നേരത്തെ അന്വേഷിച്ച ഒരു വിഷയമാണ്. മാത്യു കുഴൽനാടനൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്ത പ്രബാത്ത് എന്റെ സ്റ്റാഫ് ആയിരുന്നില്ല. അനാവശ്യമായ ചില കാര്യങ്ങൾ പ്രബാത്ത് ആവശ്യപ്പെട്ടു. അവ ലഭിക്കാത്തപ്പോൾ അദ്ദേഹം പാർട്ടി വിട്ടു. അത്തരം കാര്യങ്ങളെ ഞാൻ ഭയപ്പെടുന്നില്ല. പ്രധാനമന്ത്രിയുടെ ഓഡിയോ പോലും വ്യാജമായി നിർമ്മിക്കപ്പെടുന്നു,’ മന്ത്രി വ്യക്തമാക്കി.
അതേസമയം, മാത്യു കുഴൽനാടന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി നൽകേണ്ട ആവശ്യമില്ലെന്ന് തിരുവല്ല മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി മാത്യു ടി തോമസ് പറഞ്ഞു. വെള്ളപ്പൊക്ക സമയത്ത് തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

