കൊല്ലം: കലോത്സവത്തിൽ കലവറ കാക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത്. കുളക്കട ഉപജില്ലാ കലോത്സവത്തിൽ ഫുഡ് കമ്മിറ്റിയുടെ ചുമതല ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. മത്സരങ്ങളിൽ പങ്കെടുക്കാൻ എത്തിയ കുരുന്ന് കലാകാരന്മാരുടെയും കലാകാരികളുടെയും വയറും മനസ്സും നിറയ്ക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്നും സംഘടനാ സംസ്ഥാന കൺവീനർ പാറങ്കോട് ബിജു പറഞ്ഞു.
കലോത്സവത്തോടനുബന്ധിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിൻ്റെ നേതൃത്വത്തിൽ പ്രാദേശികമായി ലഭിക്കുന്ന കാർഷിക വിഭവങ്ങൾ ഉപയോഗിച്ച്, കുട്ടികൾക്ക് മാത്രമല്ല, എത്തിയ മുഴുവൻ ആളുകൾക്കും രുചികരമായ ഭക്ഷണം ഒരുക്കി നൽകാൻ സാധിച്ചു. നാല് ദിവസവും കൂപ്പണുകൾ നൽകാതെ തന്നെ എല്ലാവർക്കും സമൃദ്ധമായി ഭക്ഷണം നൽകി.
ഭക്ഷണം മെച്ചമാണെങ്കിൽ കലോത്സവം വിജയിച്ചു എന്നാണ്. പരിമിതമായ ഫണ്ടിനുള്ളിൽ നിന്നുകൊണ്ട് പൊതുജനങ്ങളുടെ കൂടി പിന്തുണയോടെയാണ് ഈ ദൗത്യം നിറവേറ്റാൻ സാധിച്ചത്. ഇക്കാര്യത്തിൽ മാദ്ധ്യമങ്ങൾ ഉൾപ്പെടെയുള്ളവരുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയാണെന്നും എൻ ടി യു സംസ്ഥാന കൺവീനർ പാറങ്കോട് ബിജു പറഞ്ഞു.