തിരുവനന്തപുരം: ശബരിമലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്‍ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയുമായി എന്‍എസ്എസ്. അയ്യപ്പസംഗമം നടത്തുന്ന സംസ്ഥാന സര്‍ക്കാര്‍ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ മുന്‍പന്തിയില്‍നില്‍ക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് എന്‍എസ്എസ് വൈ.പ്രസിഡന്റ് എന്‍.സംഗീത് കുമാര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
‘ നായർ സർവീസ് സൊസൈറ്റിയ്ക്ക് സർക്കാരിൽ പൂർണ്ണവിശ്വാസമാണ് . അത് നിലനിർത്തിക്കൊണ്ട് ആഗോള അയ്യപ്പ സംഗമം നടത്തുന്നതിലും ഞങ്ങൾക്ക് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ഇത്തരത്തിലുള്ള ആഗോളസംഗമം ശബരിമലയിലെ വികസനത്തിനും, ഭക്തർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും വേദിയാകും ‘ – സംഗീത് കുമാര്‍ പറഞ്ഞു.
വിശ്വാസസംരക്ഷണമാണ് എൻ എസ് എസിന്റെ മുഖ്യ അജണ്ട . അക്കാര്യത്തിലെല്ലാം സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. അതിൽ തങ്ങൾക്ക് പൂർണ്ണവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആചാരങ്ങളും , വിശ്വാസങ്ങളും സംരക്ഷിച്ച് കൊണ്ടാകും സർക്കാർ മുന്നോട്ട് പോകുന്നതെന്ന് തങ്ങൾക്ക് വിശ്വാസമുണ്ടെന്നും സംഗീത് കുമാര്‍ പറഞ്ഞു.
പമ്പയില്‍ നടത്താനിരിക്കുന്ന ആഗോള അയ്യപ്പസംഗമം രാഷ്ട്രീയനാടകമാണെന്ന ആരോപണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് എന്‍എസ്എസ് സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഒരു നിരീശ്വരവാദിയാണ്. ആരാധനയെക്കുറിച്ച് അദ്ദേഹം സംസാരിക്കുമ്പോൾ ആര് വിശ്വസിക്കും. അവിശ്വാസിയായ ഒരു മുഖ്യമന്ത്രി പരിപാടി നടത്തണോ? എന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ചോദിച്ചത് .
‘ കേരളത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. ഞാൻ ഒരു രാഷ്ട്രീയ പണ്ഡിതനാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. ശബരിമലയിൽ ഞാൻ പതിനെട്ട് പടികൾ കയറിയിട്ടുണ്ട്. ശബരിമലയെക്കുറിച്ച് എനിക്ക് ആവശ്യത്തിന് അറിവുണ്ട്. കാൾ മാർക്സിനെ വായിച്ച മുഖ്യമന്ത്രിയെപ്പോലെ ഒരു പണ്ഡിതനാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അയ്യപ്പ സംഗമത്തെ രാഷ്ട്രീയമായി കാണരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ജനങ്ങളെ വിഡ്ഢികളാക്കാനുള്ളതാണ്. ഇത് ഒരു രാഷ്ട്രീയ പരിപാടിയല്ലെങ്കിൽ, സംഗമത്തെക്കുറിച്ച് സംസാരിക്കേണ്ടത് മുഖ്യമന്ത്രിയാണോ? ദേവസ്വം ബോർഡ് ചെയർമാനല്ലേ? ഹിന്ദു വോട്ടുകൾ നേടാൻ വേണ്ടി തിരഞ്ഞെടുപ്പിന് മുമ്പ് കളിക്കുന്ന നാടകമാണിത്. ‘ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

