തെങ്കാശി : ജയിൽ ചാടിയ ബാലമുരുകൻ പിടിയിൽ. 53-ലധികം കേസുകളിൽ പ്രതിയായ ബാലമുരുകനെ തിരുച്ചിറപ്പള്ളിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത് . നവംബർ 3 ന് വിയ്യൂർ ജയിലിലേക്ക് കൊണ്ടുവന്നപ്പോഴാണ് തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടത്. തിരുച്ചിറപ്പള്ളിയിൽ വാഹന പരിശോധനയ്ക്കിടെ ബൈക്കിൽ വരുമ്പോൾ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തെങ്കാശി കോടതിയിൽ ഹാജരാക്കിയ ബാലമുരുകനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
തമിഴ്നാട്ടിലെ കടയം സ്വദേശിയായ ബാലമുരുകൻ (44) മോഷണം, കൊലപാതകശ്രമം എന്നിവയുൾപ്പെടെ 53 കേസുകളിൽ പ്രതിയാണ്. മുമ്പ് സമാനമായ രീതിയിൽ തമിഴ്നാട് പോലീസിന്റെ വാഹനത്തിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടിരുന്നു. അന്ന് മോഷ്ടിച്ച ബൈക്കിലാണ് ബാലമുരുകൻ രക്ഷപ്പെട്ടത്.
2021 ൽ തമിഴ്നാട്ടിൽ നടന്ന ഒരു കവർച്ച കേസിൽ മറയൂരിൽ നിന്ന് ബാലമുരുകനെ കേരള പോലീസ് അറസ്റ്റ് ചെയ്തു. മോചിതനായ ശേഷം, മറയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി മോഷണങ്ങൾ നടത്തി ബാലമുരുകൻ പ്രതികാരം ചെയ്തു. കേരള പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ബാലമുരുകൻ വിയ്യൂർ ജയിലിലായിരുന്നു. അതിനിടയിൽ, തമിഴ്നാട്ടിലെ ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കാൻ ബാലമുരുകനെ കൊണ്ടുപോയി.
ബാലമുരുകൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിനെ തുടർന്ന് മൂന്ന് പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു . തമിഴ്നാട്ടിലെ വിരുദുനഗറിലെ പന്തൽക്കുടി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ നാഗരാജൻ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. ബാലമുരുകനെ കണ്ടെത്താനുള്ള അന്വേഷണം പിന്നീട് ക്യൂ ബ്രാഞ്ച് ഏറ്റെടുത്തു.

