കൊച്ചി: ലക്ഷദ്വീപിലെ സ്കൂൾ സിലബസിൽ നിന്ന് പ്രാദേശിക ഭാഷകളായ മഹൽ, അറബിക് എന്നിവ ഒഴിവാക്കിയ ഉത്തരവിന് ഇടക്കാല സ്റ്റേ . ലക്ഷദ്വീപിൽ അധ്യയന വർഷം 9 ന് ആരംഭിക്കുന്നതിനാലാണ് പരിഷ്കരണം നടപ്പിലാക്കുന്നത് താൽക്കാലികമായി നിർത്തിവച്ച് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറിന്റെയും ജസ്റ്റിസ് ബസന്ത് ബാലാജിയുടെയും ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത് .
തുടർ നടപടികൾക്കായി ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ജൂൺ 9 ലേക്ക് മാറ്റി. ത്രിഭാഷാ സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് വേണ്ടി മെയ് 14 ന് വിദ്യാഭ്യാസ ഡയറക്ടർ പദ്മാകർ റാം ത്രിപാഠി പുറപ്പെടുവിച്ച ഉത്തരവിനെക്കുറിച്ചാണ് പരാതി. അറബി ഭാഷകൾ ഒഴിവാക്കി ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകൾ നടപ്പിലാക്കുന്നതിനെതിരെ നാഷണൽ സ്റ്റുഡന്റ്സ് യൂണിയന്റെ ലക്ഷദ്വീപ് യൂണിറ്റ് പ്രസിഡന്റ് പി.ഐ. അജാസ് അക്ബറാണ് ഹർജി സമർപ്പിച്ചത്.
ഭാഷാ വിഷയങ്ങൾക്കുള്ള സിലബസ് പരിഷ്കരണം ഇപ്പോൾ നടപ്പിലാക്കില്ലെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകനും കോടതിയിൽ അറിയിച്ചു. ഈ സാഹചര്യത്തിൽ അടിയന്തരാവസ്ഥ ഇല്ലെന്ന് കോടതി കണക്കാക്കിയതിനാലാണ് ഹർജി മാറ്റി വച്ചത്.

