കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിനെതിരെ കൊലക്കുറ്റം ചുമത്തില്ലെന്ന് ക്രൈംബ്രാഞ്ച് . ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കുമെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. കൊലപാതകക്കുറ്റം നിലനിൽക്കില്ലെന്ന് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയും നേരത്തെ പറഞ്ഞിരുന്നു. സതീഷിനെതിരെ കൊലക്കുറ്റം ചുമത്താൻ മതിയായ തെളിവുകൾ കണ്ടെത്താൻ പ്രോസിക്യൂഷന് കഴിയാത്തതിനെ തുടർന്നാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
അതുല്യയുടെ മരണത്തിന് പിന്നിൽ സതീഷാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ആദ്യം കേസ് അന്വേഷിച്ച തെക്കുംഭാഗം പോലീസ് സതീഷിനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. പിന്നീട് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച്, കൊലപാതകക്കുറ്റം ചുമത്തി അന്വേഷണം തുടർന്നു. കേസിന്റെ ഒരു ഘട്ടത്തിൽ സതീഷിന്റെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നു.
ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. അതുല്യയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു. അതുല്യ ബന്ധുക്കൾക്ക് അയച്ച ഓഡിയോ സന്ദേശങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഷാർജയിൽ നിന്ന് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. പുതിയ വകുപ്പുകൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഉടൻ കോടതിയിൽ സമർപ്പിക്കും.
ജൂലൈ 19 നാണ് ഷാർജയിലെ ഫ്ലാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . ഷാർജയിലെ ഒരു കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായിരുന്നു ഭർത്താവ് സതീഷ്. ഭാര്യയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

