ടെഹ്റാൻ : ഇറാനിൽ പ്രതിഷേധങ്ങൾക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടലുകൾ . സർക്കാരിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ബഹുജന പ്രകടനങ്ങൾക്കിടയിൽ തലസ്ഥാനത്തും രാജ്യത്തിന്റെ മറ്റ് ചില പ്രദേശങ്ങളിലും അധികൃതർ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. തലസ്ഥാനത്ത് ഇന്റർനെറ്റ് പ്രവർത്തനരഹിതമാണെന്ന് ടെഹ്റാനിലെ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
“ഒന്നിലധികം ദാതാക്കളിൽ നിന്നുള്ള ഇന്റർനെറ്റ് കണക്ഷനുകൾ തടസ്സപ്പെട്ടതിനാൽ ടെഹ്റാനിലും ഇറാന്റെ മറ്റ് ഭാഗങ്ങളിലുമുള്ള ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടു; പ്രാദേശിക ഇന്റർനെറ്റ് ഷട്ട്ഡൗണുകളെ തുടർന്നാണ് ഈ സംഭവം, പ്രതിഷേധങ്ങൾ വ്യാപിക്കുമ്പോൾ സ്ഥലത്തെ പരിപാടികളുടെ കവറേജിനെ ഇത് സാരമായി ബാധിക്കാൻ സാധ്യതയുണ്ട്” എന്നാണ് മാധ്യമ റിപ്പോർട്ടുകൾ.
ഇറാനിലെ കുർദിഷ് മേഖലയിലെ നാല് പ്രവിശ്യകളായ കുർദിസ്ഥാൻ, വെസ്റ്റ് അസർബൈജാൻ, കെർമൻഷാ, ഇലാം എന്നിവിടങ്ങളിലെ 50-ലധികം ചെറുതും വലുതുമായ നഗരങ്ങളിൽ മാർക്കറ്റുകളും കടകളും അടച്ചിട്ടിരിക്കുകയാണ് . ഇറാനിൽ രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളോടുള്ള ഐക്യദാർഢ്യത്തിന്റെ അടയാളമാണിത്. ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പൗരന്മാർക്ക് ഒരു ഉപദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇറാനിൽ നടക്കുന്ന “ബഹുജന പ്രതിഷേധ തരംഗ”ത്തിലേക്ക് ആഗോള ശ്രദ്ധ ക്ഷണിച്ച് ബ്രിട്ടീഷ് കോടീശ്വരനും സംരംഭകനുമായ റിച്ചാർഡ് ബ്രാൻസണും രംഗത്തെത്തി . അതേസമയം കഴിഞ്ഞ ദിവസം കെർമൻഷായിലെ ഗോൾഹ ബൊളിവാർഡിൽ സിവിൽ വേഷത്തിൽ എത്തിയ സൈനികർ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നതും പ്രതിഷേധത്തിനിടയാക്കി.

