ന്യൂഡൽഹി: തെരുവ് നായ്ക്കളുടെ വിഷയത്തിൽ സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങൾക്കെതിരെ മുൻ എംപിയും നടിയുമായ ദിവ്യ സ്പന്ദന . തെരുവ് നായ്ക്കളുടെ പെരുമാറ്റത്തെ മനുഷ്യ സ്വഭാവവുമായി താരതമ്യം ചെയ്താണ് ദിവ്യയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.
‘ഒരു മനുഷ്യന്റെ മനസ്സും വായിക്കാൻ കഴിയില്ല. അവൻ എപ്പോൾ ബലാത്സംഗം ചെയ്യുമെന്ന്/കൊല ചെയ്യുമെന്ന് അറിയില്ല. അപ്പോൾ, എല്ലാ പുരുഷന്മാരെയും ജയിലിലടയ്ക്കണോ?’ ദിവ്യ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചു . തെരുവ് നായ്ക്കളുടെ പെരുമാറ്റം പ്രവചിക്കാൻ കഴിയില്ലെന്ന കോടതിയുടെ പരാമർശത്തിന് മറുപടിയായാണ് ദിവ്യയുടെ അഭിപ്രായങ്ങൾ.
പൊതുനിരത്തുകളിൽ തെരുവ് നായ്ക്കളുടെയും മറ്റ് മൃഗങ്ങളുടെയും സ്വതന്ത്രമായ ചലനം കാൽനടയാത്രക്കാർക്കും പൊതുജനങ്ങൾക്കും ഗുരുതരമായ ഭീഷണിയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. “റോഡുകൾ തെരുവുനായ്ക്കളിൽ നിന്നും മറ്റ് മൃഗങ്ങളിൽ നിന്നും മുക്തമായിരിക്കണം. രാവിലെ ഏത് നായ ഏത് മാനസികാവസ്ഥയിലായിരിക്കുമെന്ന് ആർക്കും അറിയില്ല,” കോടതി പറഞ്ഞു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണങ്ങൾ നടത്തിയത്. രാജസ്ഥാനിൽ ജഡ്ജിമാർക്കുനേരെ പോലും തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടാകുന്ന സംഭവങ്ങൾ ഗുരുതരമായ വിഷയമാണെന്നും ജസ്റ്റിസ് മേത്ത ചൂണ്ടിക്കാട്ടിയിരുന്നു.
തെരുവുനായ്ക്കൾക്ക് വന്ധ്യംകരണവും വാക്സിനേഷനും നടത്തുന്നതിൽ പരാജയപ്പെടുന്ന സംസ്ഥാന സർക്കാരുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് നേരത്തെ കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. സ്കൂളുകൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ നിന്ന് നായ്ക്കളെ നീക്കം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു.

