ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ കിടക്കകൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 700 ന് മുകളിൽ തന്നെ. ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 708 പേർക്കാണ് കിടക്കകൾ ലഭിക്കാനുള്ളത്. ട്രോളികളിൽ ചികിത്സ നൽകുന്ന ഇവരിൽ 435 രോഗികൾ എമർജൻസി വിഭാഹത്തിലും 273 പേർ വാർഡുകളിലുമാണ് ഉള്ളത്.
ഇന്നലെ രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് ഏറ്റവും കൂടുതൽ രോഗികൾ കിടക്കകൾക്കായി കാത്തിരിക്കുന്നത്. 89 പേർ. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കോർക്ക്, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെ എന്നിവിടങ്ങളിൽ 82 രോഗികൾ വീതം കിടക്കകൾക്കായി കാത്തിരിക്കുന്നുണ്ട്. ആശുപത്രികളിൽ രോഗികളുടെ എണ്ണം വർധിക്കുന്നതാണ് കിടക്കക്ഷാമം രൂക്ഷമാക്കിയിരിക്കുന്നത്.

