കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ചു. മലപ്പുറം മങ്കടയിൽ മരിച്ച 17 കാരിയ്ക്കാണ് നിപ്പ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക നിപ്പ പരിശോധനാ ഫലം പോസിറ്റീവ് ആയി. രോഗം സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകൾ പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ചു.
കോട്ടക്കലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ ജൂൺ 28 ന് ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജൂലൈ 1 ന് പെൺകുട്ടി മരിച്ചു.
പെൺകുട്ടിയുടെ കുടുംബവും, ചികിത്സിച്ച ഡോക്ടർമാരും നിരീക്ഷണത്തിലാണ് . പെൺകുട്ടിക്ക് നേരത്തെ പനി ഉണ്ടായിരുന്നു. സംശയത്തിന്റെ പേരിൽ മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നിപ്പ പരിശോധന നടത്തുകയായിരുന്നു. ഈ ഫലം പോസിറ്റീവായിരുന്നു.
അതേസമയം, പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ 38 കാരി നിപ ലക്ഷണങ്ങളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അവരുടെ നില ഗുരുതരമാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇവർക്ക് നിപ ബാധയുണ്ടെന്ന് കണ്ടെത്തി. സ്രവം രോഗം സ്ഥിരീകരിക്കുന്നതിനായി പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.
എവിടെ നിന്നാണ് അവർക്ക് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ജൂലൈ 1 ന് പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് അവർ ചികിത്സ തേടിയിരുന്നു. ആരോഗ്യ വകുപ്പ് അധികൃതർ ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നുണ്ട്. ഇതിൽ ഉൾപ്പെട്ട ആളുകളെയും നിരീക്ഷിക്കും.

