കൊച്ചി: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിമിഷയുടെ അമ്മ പ്രേമകുമാരി യെമൻ സർക്കാരിന് ഹർജി നൽകി.വധശിക്ഷ 16 ന് നടപ്പാക്കരുതെന്നും , കൊല്ലപ്പെട്ട യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായുള്ള ചർച്ചകൾ പുരോഗമിക്കുമെന്നും ഹർജിയിൽ പറയുന്നു. ബ്ലഡ് മണി വിഷയത്തിൽ സമവായത്തിലെത്തുമെന്നാണ് കുടുംബവും ആക്ഷൻ കൗൺസിലും പ്രതീക്ഷിക്കുന്നത്.
നിമിഷ പ്രിയയെ വധശിക്ഷയിൽ നിന്ന് രക്ഷിക്കാൻ ഇടപെടണമെന്ന ആക്ഷൻ കൗൺസിലിന്റെ ഹർജിയിൽ തിങ്കളാഴ്ച കേന്ദ്ര സർക്കാർ മറുപടി നൽകും.കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബം ഏകദേശം 8 കോടി രൂപ ബ്ലഡ് മണിയായി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഈ മാസം 16 ന് നിമിഷയെ വധശിക്ഷയ്ക്ക് വിധേയമാക്കാൻ യെമൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. നിമിഷയെ മോചിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തേടുന്നതിനിടെയാണ് ഇതുസംബന്ധിച്ച ഉത്തരവ് വന്നത്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിൽ നിന്നാണ് ഉത്തരവ് ലഭിച്ചത്.
അതേസമയം നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും, വിദേശകാര്യമന്ത്രി ജയശങ്കറിനും മുഖ്യമന്ത്രി പിണറായി വിജയനും കത്ത് നൽകി.

