കൊല്ലം : സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പത്രസമ്മേളനങ്ങളും, പ്രസംഗങ്ങളും സാധാരണ ജനങ്ങൾക്ക് മനസിലാകണമെങ്കിൽ പരിഭാഷപ്പെടുത്തേണ്ട ഗതികേടിലാണെന്ന് വിമർശനം. ഇടതുപക്ഷത്തെ തിരുത്തൽ ശക്തിയാകേണ്ട പാർട്ടി അധികാരത്തിന്റെ മത്ത് പിടിച്ച അവസ്ഥയിലാണെന്നും സിപിഐ കുന്നത്തൂർ മണ്ഡലം കമ്മിറ്റിയിൽ വിമർശനം ഉയർന്നു.
‘ കുന്നത്തൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയയ സിപിഎം നേതാവ് ലൂയി പതിനാലാമനെ പോലെയാണ് ഇടപെട്ടത് . താഴേത്തട്ടിലുള്ള പ്രവർത്തകരോട് ജൂനിയർ പിണറായിയെ പോലെ പെരുമാറിയത് ദോഷകരമായി ബാധിച്ചു. സിപിഎം, സിപിഐ പ്രവർത്തകർ ആവർത്തിച്ച് പറഞ്ഞിട്ടും കോവൂർ കുഞ്ഞുമോനെ മത്സരിപ്പിച്ചത് ജനങ്ങളെ വെല്ലുവിളിക്കുന്നതു പോലെയായി. ചാത്തന്നൂരും, ചിറയിൻ കീഴും, നാദാപുരവും നഷ്ടാമായത് സ്ഥാനാർത്ഥി നിർണയത്തിലെ പിഴവ് കൊണ്ടാണ്.
സ്വന്തം കുടുംബാംഗങ്ങൾക്ക് സീറ്റ് വാങ്ങി നൽകാനായിരുന്നു പലർക്കും ശ്രദ്ധ . പാർട്ടി സെക്രട്ടറിയേറ്റ് അടക്കമുള്ള സംവിധാനങ്ങൾ പരാജയമായി മാറി. അടിസ്ഥാന ജനത പാർട്ടൊയിൽ നിന്ന് അകന്നതും, വോട്ടുകൾ ബിജെപിയിലേയ്ക്ക് ഒഴുകിയതും തിരിച്ചറിയാൻ കഴിയാത്തത് സംഘടനസംവിധാനത്തിലെ പോരായ്മയാണ്.“ എന്നും അംഗങ്ങൾ പറഞ്ഞു .
സ്വന്തം മന്ത്രി സഭയിലെ സഹപ്രവർത്തകരായ മന്ത്രിമാരെ പോലും ഭൃത്യന്മാരെ പോലെയാണ് മുഖ്യമന്ത്രിയായിരുന്ന പിണറായി കണ്ടത് . ധാർഷ്ട്യവും, കമ്യൂണിസ്റ്റ് ചിന്തികളി നിന്നുള്ള വ്യതിചലനവും തിരിച്ചടിയായെന്നും സെക്രട്ടറി സി ജി ഗോപുകൃഷ്ണൻ അവതരിപ്പിച്ച റിപോർട്ടിൽ പറയുന്നു. സിപിഎമ്മിന്റെ പല ഏരിയ കമ്മിറ്റി യോഗങ്ങളിലും പിണറായിയ്ക്കും, എം വി ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത് . പിണറായിയെ പ്രതിപക്ഷനേതാവാക്കിയത് വീണ്ടും തിരിച്ചടിയാകുമെന്നും , മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിണറായിയ്ക്ക് പകരം കെ കെ ശൈലജയെ ഉയർത്തിക്കാട്ടിയിരുന്നുവെങ്കിൽ ഈ പരാജയം ഉണ്ടാകുമായിരുന്നില്ലെന്നും പല കമ്മിറ്റികളും ചൂണ്ടിക്കാട്ടി.

