കോഴിക്കോട്: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. നേരത്തെ താൽക്കാലികമായി റദ്ദ് ചെയ്ത വധശിക്ഷയാണ് പൂർണ്ണമായും റദ്ദ് ചെയ്തെന്നും , സനയിൽ നടന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമെന്നുമാണ് വിവരം . അതേസമയം ഇക്കാര്യം കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം കൈക്കൊണ്ടത് എന്നാണ് കാന്തപുരത്തിന്റെ ഓഫീസിൽനിന്നും പുറത്തുവരുന്ന വിവരം.
വധശിക്ഷ റദ്ദാക്കിയ ശേഷമുള്ള മറ്റു കാര്യങ്ങൾ തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാൻ ധാരണയായി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർ ചർച്ചകൾക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങൾ തീരുമാനിക്കുക എന്നീ വിവരങ്ങളാണ് കാന്തപുരത്തിന്റെ ഓഫീസ് പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, മരിച്ച തലാലിന്റെ സഹോദരൻ അബ്ദുൾ ഫത്താഹ് മഹ്ദി നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തീയതി ആവശ്യപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂട്ടർക്ക് ഒരു കത്ത് അയച്ചുകൊണ്ട് അദ്ദേഹം ഇത് അഭ്യർത്ഥിച്ചു. കത്തിന്റെ ചിത്രം അബ്ദുൾ ഫത്താഹ് മഹ്ദി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കിട്ടു. വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്നും പകരം മൗനം പാലിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും മഹ്ദി പറഞ്ഞു.

