കൊല്ലം : അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ച് ഡി വൈ എഫ് ഐ . വെനസ്വേലയിലേക്കുള്ള അമേരിക്കയുടെ ഏകപക്ഷീയമായ കടന്നാക്രമണത്തിലും, പ്രസിഡന്റ് മഡൂറോയെയും ഭാര്യയെയും ബന്ധികളാക്കി തടഞ്ഞുവെച്ചതിലും പ്രതിഷേധിച്ച് ആലപ്പുഴയിലും , കൊല്ലത്തുമാണ് പ്രകടനം നടന്നത് .
നിക്കോളാസ് മഡൂറോ ഇടതുപക്ഷ മുന്നേറ്റത്തിന്റെ പ്രതീകമാണെന്നാണ് ചിന്താ ജെറോം പറയുന്നത് . ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം ഡി വി എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു
അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു വരുന്ന നിക്കോളാസ് മഡൂറോയെയും വെനസ്വേലയെയും ഇല്ലാതാക്കാനുള്ള നടപടികൾ ഏറെക്കാലമായി ഡൊണാൾഡ് ട്രംപ് നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് ചിന്ത പറയുന്നത് . വെനസ്വേലയ്ക്കെതിരെ കരയാക്രമണം നടത്താനുള്ള ശ്രമം അമേരിക്ക തുടങ്ങിയതിന് പിന്നാലെയാണ് തലസ്ഥാന നഗരമായ കാരക്കാസിലും മിറാന്ഡ, അരഗ്വ, ലാ ഗ്വെയ്റ എന്നിവിടങ്ങളിൽ സ്ഫോടനം ഉണ്ടായത്.
വെനസ്വലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയേയും ഭാര്യയേയും അമേരിക്ക ബന്ദിയാക്കുകയും ചെയ്തിട്ടുണ്ട്. വലിയ എണ്ണ ഉദ്പാദക രാഷ്ട്രമായ വെനസ്വേലയിലെ എണ്ണ സമ്പത്തിന്റെ നിയന്ത്രണം സ്വന്തമാക്കാൻ വർഷങ്ങളായി അമേരിക്ക ശ്രമിക്കുകയാണ്. ഇല്ലാക്കഥകൾ പ്രചരിപ്പിച്ചു ലോകത്തിലെ വിവിധ രാജ്യങ്ങളിൽ അധിനിവേശം നടത്തിയ അമേരിക്ക അതിന്റെ തുടർച്ചയായാണ് വെനസ്വേലക്കെതിരെ തിരിഞ്ഞത്. അതിനായി മയക്കുമരുന്ന് കടത്ത് എന്ന തെളിവില്ലാത്ത സംഭവം പറഞ്ഞു പ്രചരിപ്പിച്ചാണ് ഈ ആക്രമണം നടത്തിയത്.
വെനസ്വേലയുടെ എണ്ണ സമ്പത്ത് കൊള്ളയടിക്കാനും തങ്ങളുടെ വിമർശകരായ ഈ രാജ്യത്തെ ഇല്ലായ്മ ചെയ്യാനും അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ലോക ജനത ഉണരണമെന്നും ചിന്താ ജെറോം പറയുന്നു.

