തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ 22 വയസ്സുള്ള യുവാവ് കുത്തേറ്റു മരിച്ചു. കോട്ടുകാൽ കണ്ണറവിള സ്വദേശി മനുവാണ് മരിച്ചത്. സംഭവത്തിൽ മനുവിന്റെ അയൽവാസികളായ ബിജു, മക്കളായ അമ്പാടി, മിഥുൻ, സുഹൃത്തായ 17 കാരൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. അമ്പാടിയുടെ ബൈക്ക് പെട്രോൾ തീർന്നതിനെ തുടർന്ന് മനുവിന്റെ വീടിന്റെ മുന്നിൽ വച്ചിരുന്നു. തുടർന്ന് സുഹൃത്ത് പെട്രോൾ വാങ്ങി കൊണ്ട് വന്ന് ഒഴിച്ച ശേഷം ബൈക്ക് ഇരപ്പിച്ചതാണ് വഴക്കിന് കാരണമായത്. അമ്പാടിയുമായും 17 വയസ്സുള്ള സുഹൃത്തുമായും മനു തർക്കത്തിലേർപ്പെട്ടു. തർക്കം പിന്നീട് വഴക്കായി. ഒടുവിൽ നാട്ടുകാർ ഇടപെട്ട് പ്രശ്നം പറഞ്ഞ് തീർത്തെങ്കിലും ,അമ്പാടി പോയതിനു പിന്നാലെ മനു കത്തിയുമായി അമ്പാടിയുടെ വീട്ടിലെത്തി.
അവിടെ നടന്ന വഴക്കിനിടെ അമ്പാടിയുടെ സുഹൃത്തിന്റെ കയ്യിൽ കത്തി കൊണ്ട് മുറിവേറ്റു.തുടർന്ന് നടന്ന സംഘർഷത്തിലാണ് മനുവിനും കുത്തേറ്റത്. മനു കൊണ്ടു വന്ന കത്തി തന്നെ കൊണ്ടാണ് ഇയാൾ മരിച്ചത്. വാരിയെല്ലിന്റെ ഭാഗത്ത് ആഴത്തിലുള്ള കുത്തേറ്റതാണ് മരണകാരണം. മനു മരിച്ച വിവരം അറിയാതെയാണ് അമ്പാടി കൈയ്ക്കു മുറിവേറ്റ സുഹൃത്തിനെയും കൊണ്ടു നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്. അതേസമയം, തന്നെ നാട്ടുകാര്‍ മനുവിനെയും ആശുപത്രിയില്‍ എത്തിച്ചു
പരിക്കേറ്റ മനുവിനെ ഉടൻ തന്നെ നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെയ്യാറ്റിൻകര പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തു. മനുവിന്റെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

