വാഷിംഗ്ടൺ : അമേരിക്കയാണ് ഇസ്രായേലിന്റെ ഏറ്റവും ശക്തമായ സഖ്യകക്ഷിയെന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ അവകാശവാദങ്ങൾ തള്ളി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . ഇന്ത്യയിൽ നിന്ന് വലിയ പിന്തുണയാണ് ഇസ്രായേലിന് ലഭിക്കുന്നതെന്നും നെതന്യാഹു പറഞ്ഞു.
ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു നെതന്യാഹുവിന്റെ ഈ പരാമർശം. “ഇന്ത്യ എന്ന ചെറിയ രാജ്യത്തെപ്പോലെ, ഞങ്ങൾക്ക് മറ്റ് ചില സുഹൃത്തുക്കളുണ്ട്, 1.4 ബില്യൺ ജനങ്ങളുള്ള ആ രാജ്യത്ത് നിന്ന് ഞങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത് . ഫേസ്ബുക്കിൽ ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന പിന്തുണ എന്നെ അത്ഭുതപ്പെടുത്തുന്നു “ എന്നും നെതന്യാഹു പറഞ്ഞു.
ഈ വർഷം ആദ്യം, നെതന്യാഹു നരേന്ദ്രമോദിയെ “സ്വകാര്യ സുഹൃത്ത്” എന്ന് വിശേഷിപ്പിക്കുകയും ഇന്ത്യയെ “ആഗോള ശക്തി” എന്ന് വിളിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി ഇസ്രായേൽ സന്ദർശിച്ചപ്പോൾ ഇന്ത്യ “പൂർണ്ണ ബോധ്യത്തോടെ” ഇസ്രായേലിനൊപ്പം നിൽക്കുന്നുവെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു.
ഇസ്രായേലും യുഎസും ഇറാനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു ഇത്. പിന്നീട് അത് ഒരു പൂർണ്ണ യുദ്ധമായി മാറി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കരാറിനെ നെതന്യാഹു വിമർശിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെ ജെഡി വാൻസ് കുറ്റപ്പെടുത്തുകയും ചെയ്തു . “ഈ സമയത്ത് ഇസ്രായേൽ രാഷ്ട്രത്തോട് അനുകമ്പയുള്ള ലോകത്തിലെ ഏക രാഷ്ട്രത്തലവൻ ഡൊണാൾഡ് ട്രംപ് ആണ്, ഞാൻ ഇസ്രായേൽ സർക്കാരിന്റെ മന്ത്രിസഭയിൽ ഉണ്ടായിരുന്നെങ്കിൽ, ഞാൻ അവശേഷിച്ച ഒരേയൊരു ശക്തനായ സഖ്യകക്ഷിയെ ഞാൻ കുറ്റപ്പെടുത്തില്ല.” എന്നായിരുന്നി വാൻസിന്റെ പ്രസ്താവന. അതിനു പിന്നാലെയാണ് ഇന്ത്യയെക്കുറിച്ചുള്ള നെതന്യാഹുവിന്റെ പുതിയ പരാമർശങ്ങൾ.

