തിരുവനന്തപുരം : തനിക്ക് അമിത സുരക്ഷ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ശാന്തിഗിരി സന്ദർശന വേളയിൽ സുരക്ഷാ ഡ്യൂട്ടിക്കായി 92 പോലീസുകാരെ നിയോഗിച്ചിരുന്നു . ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസുകാരുടെ എണ്ണം കുറച്ചു. അമിത സുരക്ഷ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷയ്ക്കായി കൂടുതൽ പോലീസുകാരെ നിയോഗിച്ചത് . സുരക്ഷാ സംഘത്തിൽ 22 സബ് ഇൻസ്പെക്ടർമാരും മൂന്ന് ഡിവൈഎസ്പിമാരും മഫ്തിയിലെ അമ്പതോളം ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. നെടുമങ്ങാട്, ആറ്റിങ്ങൽ, വർക്കല പോലീസ് സബ് ഡിവിഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇവർ.
കൂടുതൽ പോലീസുകാരെ നിയോഗിച്ചത് ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസ്, നെടുമങ്ങാട് സബ് ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥർക്ക് മാത്രം ചുമതല നൽകി ഉത്തരവ് പുറപ്പെടുവിച്ചു. യാത്രകളിൽ ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വലിയ വാഹനക്കൂട്ടങ്ങളും അമിത സുരക്ഷാ വാഹനങ്ങളും ഒഴിവാക്കണമെന്ന് സതീശൻ നേരത്തെ നിർദ്ദേശിച്ചിരുന്നു.
പൈലറ്റും എസ്കോർട്ടും ഒഴികെ മറ്റ് വാഹനങ്ങൾ ഉപയോഗിക്കരുതെന്നായിരുന്നു നിർദ്ദേശം. മുഖ്യമന്ത്രിയുടെ യാത്രയിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയോ റോഡുകൾ തടസ്സപ്പെടുത്തുകയോ ചെയ്യരുതെന്നും അദ്ദേഹം ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. എസ്കോർട്ട് ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചെങ്കിലും സുരക്ഷാ കാരണങ്ങളാൽ അത് ഒഴിവാക്കാനാവില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്.
ഔദ്യോഗിക സന്ദർശന വേളകളിൽ പോലീസ് നൽകുന്ന ഗാർഡ് ഓഫ് ഓണർ തനിക്ക് വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

