തിരുവനന്തപുരം : വെങ്ങന്നൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 70 പവൻ സ്വർണം നഷ്ടപ്പെട്ടതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു. വെങ്ങന്നൂർ ചാവടിനടയിലെ ഐശ്വര്യ (32) ആണ് മരിച്ചത് . വെണ്ണിയൂർ നെല്ലിവിളയിലെ ജയഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു (28) ശനിയാഴ്ച്ച ജീവനൊടുക്കിയിരുന്നു.
കേസിൽ അറസ്റ്റിലായ പനങ്ങോട് സ്വദേശിനി സിന്ധുകുമാരി (52) യുടെ പങ്ക് വ്യക്തമാക്കുന്ന കുറിപ്പ് എഴുതി വച്ച ശേഷമാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കെയാണ് ശനിയാഴ്ച അഞ്ജു മരിച്ചത് . കഴിഞ്ഞ ദിവസം സിന്ധുകുമാരിയെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച മലയിൻകീഴിലെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് വിഴിഞ്ഞം പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. സിന്ധുകുമാരിയുടെ വീട് റെയ്ഡ് ചെയ്തപ്പോൾ വ്യാജ വിസിറ്റിംഗ് കാർഡുകളും ബിൽ ബുക്കുകളും കണ്ടെടുത്തു.
കോവളം സ്റ്റേഷനിലും മലയിൻകീഴ് സ്റ്റേഷനിലും ഇവർക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിനുശേഷവും നിരവധി പരാതികൾ വരുന്നുണ്ട് . പോലീസിന് പത്തിലധികം പരാതികൾ ലഭിച്ചിട്ടുണ്ട്. മുമ്പ് സ്വർണ്ണ വായ്പ ബിസിനസ്സ് നടത്തിയിരുന്ന സിന്ധു കുമാരി, അഞ്ജുവുമായും, ഐശ്വര്യയുമായും സൗഹൃദം സ്ഥാപിച്ചിരുന്നു. അഞ്ജുവും, ഐശ്വര്യയും ജോലി ചെയ്യുന്ന സ്ഥാപനത്തിൽ പണയം വയ്ക്കുന്ന ആഭരണങ്ങൾ കുറഞ്ഞ പലിശ നിരക്കിൽ കെ എസ് എഫ് ഇയിൽ വീണ്ടും പണയം വയ്ക്കാമെന്നും, കമ്മീഷൻ നൽകാമെന്നും വാഗ്ദാനം ചെയ്ത്, തങ്ങളുടെ സ്ഥാപനത്തിൽ ഉപഭോക്താക്കൾ പണയം വച്ച 70 പവൻ സ്വർണ്ണം കൈമാറാൻ സിന്ധു ഇവരോട് ആവശ്യപ്പെട്ടു . ധനകാര്യ സ്ഥാപനത്തിന്റെ ഉടമയുടെ അറിവില്ലാതെയാണ് ഈ ഇടപാട് നടത്തിയത്.
സിന്ധു കുമാരി യഥാർത്ഥത്തിൽ സ്വർണം വിൽക്കുകയായിരുന്നുവെന്ന് ജീവനക്കാർക്ക് അറിയില്ലായിരുന്നെങ്കിലും, കമ്മീഷൻ എന്ന വ്യാജേന ചെറിയ തുകകൾ നൽകിയിരുന്നു . ഉപഭോക്താക്കൾ അവരുടെ ആഭരണങ്ങൾ തിരികെ വാങ്ങാൻ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. രണ്ട് ജീവനക്കാരും സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് സ്വർണ്ണം വാങ്ങിയാണ് പണയം വച്ചവർക്ക് നൽകിയത്. സിന്ധുകുമാരി കാണാതായ സ്വർണ്ണം കോവളത്തെ മറ്റൊരു ധനകാര്യ സ്ഥാപനത്തിന് വിറ്റതായി പോലീസ് പിന്നീട് കണ്ടെത്തി.

