മലപ്പുറം: നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന നവദമ്പതികൾ മരിച്ചു. മലപ്പുറം പുത്തനത്താണി-തിരുനാവായ ഇക്ബാൽ റോഡിലാണ് സംഭവം. ചന്ദനക്കാവ് ഇക്ബാൽ നഗറിലെ വലിയ പീടിയേക്കൽ സ്വദേശി മുഹമ്മദ് സിദ്ദിഖ് (30), ഭാര്യ റീസ മൻസൂർ (26) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 9 മണിക്കാണ് അപകടം. ഇരുവരും ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു. പുത്തനത്താണിയിലേക്ക് പോകുകയായിരുന്ന ബൈക്ക് എതിർദിശയിൽ നിന്ന് വന്ന കാറിൽ ഇടിച്ചു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ജനുവരിയിലാണ് ഇവരുടെ വിവാഹം നടന്നത്. പെരുവള്ളൂർ പറമ്പിൽപീടിക ഹോമിയോ ക്ലിനിക്കിലെ സ്റ്റാഫാണ് റീഷ മൻസൂർ.
ചെറൂറൽ സ്കൂളിലെ വിരമിച്ച പ്രധാനാധ്യാപകനായ വി പി അഹമ്മദ് കുട്ടിയുടെയും വിരമിച്ച അധ്യാപിക സുനീറ ബാനുവിന്റെയും മകനാണ് മുഹമ്മദ് സിദ്ദിഖ്. ഏറനാട് സ്വദേശിയാണ് റീസ. കൽപകഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പുത്തനത്താണി ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

