അഹമ്മദാബാദ്: ഐപിഎൽ 2026 സീസണിന് തിരശ്ശീല വീഴുന്നു. സംഭവബഹുലമായ ടൂർണമെന്റ് അതിന്റെ ഫൈനലിലേക്ക് എത്തുമ്പോൾ, പോയിന്റ് പട്ടികയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രണ്ട് ടീമുകൾ തന്നെയാണ് കലാശപ്പോരിൽ ഏറ്റുമുട്ടുന്നത്. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും.
ഇരു ടീമുകളും തങ്ങളുടെ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഫൈനലിന് ഇറങ്ങുന്നത്. 18 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ച് ബംഗളൂരു കഴിഞ്ഞ സീസണിൽ ചാമ്പ്യന്മാരായപ്പോൾ, 2022ലെ തങ്ങളുടെ കന്നി സീസണിൽ തന്നെ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ കിരീടം ചൂടിയ ടീമാണ് ഗുജറാത്ത്.
ലീഗ് ഘട്ടത്തിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയാണ് ഇരു ടീമുകളും ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്. 18 പോയിന്റ് വീതമാണ് ഇരു കൂട്ടരും നേടിയിരിക്കുന്നത്. മികച്ച റൺ നിരക്കിന്റെ അടിസ്ഥാനത്തിൽ ബംഗളൂരു ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ, രണ്ടാം സ്ഥാനത്താണ് ഗുജറാത്ത്. ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനെ വീഴ്ത്തി ബംഗളൂരു ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടുകയായിരുന്നു. രണ്ടാം ക്വാളിഫയറിൽ രാജസ്ഥാനെ തോൽപ്പിച്ചാണ് ഗുജറാത്ത് ഫൈനലിൽ കടന്നത്.
മത്സരത്തിന്റെ ഗതി നിർണ്ണയിക്കാൻ ശേഷിയുള്ള മികച്ച താരങ്ങളാൽ സമ്പന്നമാണ് ഇരു ടീമുകളും. ഇത് ഫൈനലിന്റെ ആവേശം ഉയർത്തും എന്നത് നിശ്ചയമാണ്. പവർപ്ലേയിലും ഡെത്ത് ഓവറുകളിലും ബാറ്റ്സ്മാന്മാരെ ഏറെ വിയർപ്പിച്ച ഭുവനേശ്വർ കുമാർ- ജോഷ് ഹെയ്സല്വുഡ് പേസ് കൂട്ടുകെട്ടാണ് ബംഗളൂരുവിന്റെ തുറുപ്പുചീട്ട്. ക്രുണാൽ പാണ്ഡ്യ, റാസിഖ് സലാം, ജേക്കബ് ഡഫി എന്നിവർ കൂടി ചേരുന്നതോടെ അവരുടെ ബൗളിംഗ് നിര വിനാശകരമായി മാറുന്നു.
ഇതിഹാസ താരം വിരാട് കോഹ്ലി നയിക്കുന്ന ബാറ്റിംഗ് നിരയും സീസണിൽ ഉടനീളം മികച്ച ഫോമും സ്ഥിരതയുമാണ് പുലർത്തിയിരിക്കുന്നത്. ഫിൽ സാൾട്ടിന്റെ അഭാവത്തിൽ ഓപ്പണിംഗിൽ ലഭിച്ച അവസരം വെങ്കടേഷ് അയ്യരും മോശമാക്കിയില്ല.
ക്യാപ്ടൻ എന്ന നിലയിലും ബാറ്റ്സ്മാൻ എന്ന നിലയിലും ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന രജത് പാട്ടിദാർ, മലയാളി താരം ദേവ്ദത്ത് പടിക്കൽ, ടിം ഡേവിഡ്, ക്രുണാൽ പാണ്ഡ്യ എന്നിവരടങ്ങുന്ന മധ്യനിരയും ശക്തമാണ്. നിലവിലെ ചാമ്പ്യന്മാർക്ക് ഫൈനലിൽ മുൻതൂക്കം നൽകുന്ന ഘടകങ്ങൾ ഇവയൊക്കെയാണ്.
മറുവശത്ത് ഗുജറാത്തിന്റെ പ്രകടനവും ഗംഭീരമാണ്. ശുഭ്മാൻ ഗില്ലും സായ് സുദർശനും കൈ കോർക്കുന്ന ഓപ്പണിംഗ് സഖ്യം എതിർ ടീമുകളുടെ പേടിസ്വപ്നമാണ്. നിരവധി തവണ 200ന് മുകളിലുള്ള ലക്ഷ്യങ്ങൾ ചേസ് ചെയ്യാൻ ടീമിന് സാധിച്ചതിൽ നിർണ്ണായകമായത് ഇവർ നൽകിയ മികച്ച തുടക്കങ്ങളാണ്. ജോസ് ബട്ട്ലറും വാഷിംഗ്ടൺ സുന്ദറും ജേസൺ ഹോൾഡറും ചേരുമ്പോൾ മധ്യനിരയും ശക്തമാകുന്നു.
കഗീസോ റബാഡ, മുഹമ്മദ് സിറാജ്, ഹോൾഡർ, പ്രസിദ്ധ് കൃഷ്ണ എന്നിവർ അണിനിരക്കുന്ന പേസ് നിര ഗുജറാത്ത് ബൗളിംഗിന്റെ കരുത്താണ്. ഒപ്പം ലോകോത്തര സ്പിന്നർ റാഷിദ് ഖാനും വാഷിംഗ്ടൺ സുന്ദറും ചേരുമ്പോൾ ഗുജറാത്ത് ബൗളിംഗിന് മൂർച്ചയേറുന്നു.
ആർസിബിയുമായി താരതമ്യം ചെയ്യുമ്പോൾ ഗുജറാത്തിന്റെ ബാറ്റിംഗ് നിരയ്ക്ക് നേരിയ ചില ദൗർബല്യങ്ങളുണ്ട്. ഓപ്പണിംഗിൽ ഗില്ലും സായ് സുദർശനും നൽകുന്ന മികച്ച തുടക്കമാണ് മദ്ധ്യനിരക്ക് കാര്യങ്ങൾ അനായാസമാക്കുന്നത്. ഗില്ലിനെയും സുദർശനെയും ബട്ട്ലറെയും നിലയുറപ്പിക്കാൻ അനുവദിക്കാതെ അതിവേഗം പുറത്താക്കാൻ ഭുവനേശ്വറിനും ഹെയ്സല്വുഡിനും സാധിച്ചാൽ മധ്യനിരക്ക് മേൽ സമ്മർദ്ദമേറും. പവർപ്ലേയിൽ തന്നെ ഈ മൂന്ന് വിക്കറ്റുകൾ വീഴ്ത്താൻ ബംഗളൂരുവിന് സാധിച്ചാൽ, കിരീടം തിരികെ പിടിക്കാൻ പിന്നീട് ഗുജറാത്തിന് ഏറെ വിയർപ്പൊഴുക്കേണ്ടി വരും.
മറുവശത്ത് ഹോം ഗ്രൗണ്ടായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഫൈനൽ കളിക്കുന്നു എന്നത് ഗുജറാത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. കാര്യങ്ങൾ ഉദ്ദേശിച്ച പോലെ മൈതാനത്ത് നടപ്പിലാക്കാൻ ഗുജറാത്തിന് സാധിച്ചാൽ ഗില്ലിനെയും സംഘത്തെയും പിടിച്ചുകെട്ടാൻ ആർസിബിക്ക് തങ്ങളുടെ ഏറ്റവും മികച്ച ഗെയിം തന്നെ പുറത്തെടുക്കേണ്ടി വരും. ഏതായാലും ഈ ടൂർണമെന്റിലെ ഏറ്റവും കരുത്തർ ഫൈനലിൽ നേർക്കുനേർ വരുമ്പോൾ, ഏറ്റവും മികച്ച ക്രിക്കറ്റ് അനുഭവം എന്നത് ആരാധകർക്ക് ഗ്യാരണ്ടിയാണ്.

