തിരുവനന്തപുരം: ലോട്ടറി വകുപ്പിന്റെ തിരുവോണം ബമ്പറിന്റെ 25 കോടി രൂപ ഒന്നാം സമ്മാനം ആലപ്പുഴ സ്വദേശിക്ക് . തുറവൂർ സ്വദേശിയായ ശരത് എസ് നായരാണ് ആ ഭാഗ്യവാൻ. ഒന്നാം നെട്ടൂരിൽ നിന്നാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. നിപ്പോൺ പെയിന്റ്സിലെ ജീവനക്കാരനാണ് ശരത് . തുറവൂരിലെ തൈക്കാട്ടുശ്ശേരിയിലെ എസ്ബിഐ ബ്രാഞ്ചിലാണ് ടിക്കറ്റ് ഹാജരാക്കിയത്.
സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ആളല്ലെന്നും, റിസൾട്ട് വന്നപ്പോ വിശ്വസിക്കാനായില്ലെന്നും ശരത് പറഞ്ഞു. ‘ രണ്ട് മൂന്ന് പ്രാവശ്യം നോക്കി നമ്പർ ഉറപ്പിച്ചു. അനിയനോടാണ് വിവരം ആദ്യം പറഞ്ഞത്. ആദ്യം അമ്പരപ്പായിരുന്നു. വീട്ടിൽ അച്ഛനും, അമ്മയും, അനിയനും, ഭാര്യയും, കുഞ്ഞുമുണ്ട്. എല്ലാവർക്കും സന്തോഷമാണ്‘ ശരത് പറയുന്നു.
ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് ലോട്ടറി ഏജന്റ് നെട്ടൂരിലെ എം ടി ലതീഷാണ് വിറ്റത്. പാലക്കാട് ആറ്റിങ്ങൽ ഭഗവതി ഏജൻസിയുടെ സെന്ററിൽ നിന്ന് 800 ടിക്കറ്റുകൾ വാങ്ങി ലതീഷ് വിറ്റു. നികുതിയും കമ്മീഷനും കിഴിച്ച ശേഷം 15.75 കോടി രൂപ ലഭിക്കും. 25 കോടിയിൽ 2.5 കോടി രൂപ ഏജൻസി കമ്മീഷനാണ്. കേന്ദ്ര സർക്കാരിന് ആദായ നികുതിയായി 6.75 കോടി രൂപ അടയ്ക്കണം. ഒരു ടിക്കറ്റിന് 56 രൂപ നിരക്കിൽ കേന്ദ്രത്തിനും കേരളത്തിനും ജിഎസ്ടി ലഭിക്കും. ഇത്തവണ 75 ലക്ഷം ടിക്കറ്റുകൾ വിറ്റു. ഓരോന്നിനും ജിഎസ്ടിയായി 40.32 കോടി രൂപ ലഭിക്കും. മറ്റ് സമ്മാനങ്ങൾക്കായി 15 കോടി രൂപ നികുതിയായി ലഭിക്കും.

