ബംഗലൂരു: ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗലൂരുവിന് വിജയത്തുടക്കം. 6 വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാർ ഹൈദരാബാദിനെ തകർത്തത്.
ചിന്നസ്വാമിയിലെ റണ്ണൊഴുകുന്ന പിച്ചിൽ, ടോസ് നേടിയ ആർസിബി നായകൻ രജത് പാട്ടീദാർ തിരഞ്ഞെടുത്തത് ബൗളിംഗ്. ക്യാപ്ടന്റെ തീരുമാനം ശരിവക്കുന്ന തരത്തിൽ പന്തെറിഞ്ഞ ജേക്കബ് ഡഫിയും ഭുവനേശ്വർ കുമാറും തുടക്കത്തിൽ വെടിക്കെട്ട് നടത്താൻ ഹൈദരാബാദിന്റെ തീപ്പൊരി മുൻ നിരയെ അനുവദിച്ചില്ല. പവർപ്ലേ പൂർത്തിയാകുന്നതിന് മുന്നേ ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും നിതീഷ് കുമാർ റെഡ്ഡിയും കൂടാരം കയറി.
എന്നാൽ മറുവശത്ത് സ്ഫോടനാത്മകമായ ബാറ്റിംഗ് പുറത്തെടുത്ത ക്യാപ്ടൻ ഇഷാൻ കിഷൻ അതിവേഗം സ്കോർ ഉയർത്തിക്കൊണ്ടിരുന്നു. നകൂരമിട്ട് കളിച്ച ക്ലാസനും അവസാന നിമിഷം വെടിക്കെട്ട് നടത്തിയ അനികേത് വർമയും ചേർന്ന് ഹൈദരാബാദ് സ്കോർ 9 വിക്കറ്റിന് 201 എന്ന മികച്ച നിലയിൽ എത്തിച്ചു.
ഇഷാൻ കിഷൻ 38 പന്തിൽ 80 റൺസ് നേടി. ക്ലാസൻ 31 റൺസും അനികേത് വർമ 18 പന്തിൽ 43 റൺസും നേടി. 4 ഓവറിൽ 22 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തിയ ജേക്കബ് ഡഫിയാണ് ഹൈദരാബാദിനെ പിടിച്ചു കെട്ടിയത്. തല്ല് വാങ്ങി കൂട്ടിയെങ്കിലും റൊമാരിയോ ഷെപേർഡിനും 3 വിക്കറ്റ് ലഭിച്ചു.
മറുപടി ബാറ്റിംഗിൽ, സാൾട്ടിനെ പെട്ടെന്ന് നഷ്ടമായെങ്കിലും ഉഗ്രരൂപം പൂണ്ട് ആഞ്ഞടിച്ച കോഹ്ലിയും മലയാളി താരം ദേവ്ദത്ത് പടിക്കലും ചേർന്ന് പവർപ്ലേ നന്നായി മുതലാക്കി. 6 ഓവറുകൾ പിന്നിടുമ്പോൾ ടീം സ്കോർ 1ന് 76 എന്ന നിലയിലെത്തി. സ്കോർ 110ൽ നിൽക്കെ 26 പന്തിൽ 61 റൺസെടുത്ത പടിക്കൽ മടങ്ങി. പിന്നാലെ വന്ന പാട്ടീദാർ 12 പന്തിൽ 31 റൺസ് അടിച്ച് ടീമിനെ ജയത്തിനരികിൽ എത്തിച്ചു. 38 പന്തിൽ 69 റൺസ് അടിച്ചു കൂട്ടിയ ചേസ് മാസ്റ്റർ കോഹ്ലിയും ടിം ഡേവിഡും ചേർന്ന് പതിനാറാമത്തെ ഓവറിലെ നാലാമത്തെ പന്തിൽ ബംഗലൂരുവിനെ അനായാസ വിജയത്തിൽ എത്തിക്കുകയായിരുന്നു.

