തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് കാര്യസ്ഥൻ രവീന്ദ്രൻ നായർഅറസ്റ്റിൽ. 15 വർഷത്തിനിടെ കൂടത്തിൽ കുടുംബത്തിലെ ഏഴ് അംഗങ്ങളാണ് മരിച്ചത്. ജയമാധവൻ നായരുടെ മരണത്തിൽ മുഖ്യപ്രതി രവീന്ദ്രനാണെന്ന് കണ്ടെത്തിയിരുന്നു. വർഷങ്ങളായി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരുന്ന കേസിലാണ് അറസ്റ്റ്.
കോഴിക്കോട് കൂടത്തായി കൊലപാതക കേസ് വലിയ ശ്രദ്ധ നേടിയതിന് ശേഷമാണ് തിരുവനന്തപുരം കരമനയിലെ കൂടത്തിൽ കുടുംബത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്. 500 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഈ കുടുംബത്തിനുണ്ടായിരുന്നു. ജയമാധവൻ നായരുടെ മരണം കൊലപാതകമാണെന്ന് ഫോറൻസിക് റിപ്പോർട്ടുകളിൽ സൂചനയുണ്ടായിരുന്നു. 2017-ലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
കോടിക്കണക്കിന് രൂപയുടെ സ്വത്തിന്റെ അവകാശിയായിരുന്ന ജയമാധവൻ നായരെ, ആ സ്വത്തുക്കൾ കൈക്കലാക്കുന്നതിനായി കൊലപ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലിനായി ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് രവീന്ദ്രനെ അറസ്റ്റ് ചെയ്തത്. ഗോപിനാഥ പിള്ള, ഭാര്യ സുമുഖിയമ്മ, മക്കളായ ജയബാലകൃഷ്ണൻ, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണിക്കൃഷ്ണൻ നായർ, ഗോപിനാഥ പിള്ളയുടെ മറ്റൊരു സഹോദരൻ നാരായണ പിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് മരിച്ച കുടുംബാംഗങ്ങൾ.
ഇവരുടെ മരണശേഷം, രവീന്ദ്രനും ബന്ധുക്കളും ചേർന്ന് ദാനപത്രം വഴി കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൈക്കലാക്കിയതായി ആരോപണമുയർന്നു. ഇതിനെതിരെ പ്രദേശവാസിയായ അനിൽ കുമാറും ബന്ധുവായ പ്രസന്നകുമാരിയും പരാതി നൽകിയിരുന്നു. തുടർന്ന് വിൽപത്രം വ്യാജമായി ഉണ്ടാക്കിയതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
2017 ഏപ്രിൽ 2-ന് തറവാട് വീട്ടിൽ ജയമാധവൻ നായരെ അബോധാവസ്ഥയിൽ കണ്ടെത്തുകയും, തുടർന്ന് സമീപത്തെ വീട്ടിൽ നിന്ന് ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു എന്നുമാണ് രവീന്ദ്രൻ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇക്കാര്യം തെറ്റാണെന്ന് വ്യക്തമായി.
തൊട്ടടുത്ത വീട്ടിൽ ഓട്ടോറിക്ഷ ലഭ്യമായിരുന്നിട്ടും, ആശുപത്രിയിൽ എത്തിക്കുന്നതിനായി അകലെയുള്ള ഒരു സുഹൃത്തിന്റെ ഓട്ടോറിക്ഷയാണ് വിളിച്ചുവരുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കിടക്കയിൽ നിന്ന് താഴെ വീണതിനെത്തുടർന്നുണ്ടായ തലയ്ക്കേറ്റ പരിക്കാകാം മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി വീട്ടിൽ പരിശോധിച്ചപ്പോൾ കണ്ടെത്തിയ രക്തക്കറ പുരണ്ട തടിക്കഷ്ണം ഉൾപ്പെടെയുള്ളവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതോടെ ഇത് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു

