തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 4000ത്തിലധികം പേർ സംഗമത്തിൽ പങ്കെടുത്തെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വേണെമെങ്കിൽ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്നായിരുന്നു സംഗമ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ച് എം വി ഗോവിന്ദൻ നൽകിയ വിചിത്ര വിശദീകരണം.
‘ എല്ലാ സെഷനിലും ആൾ വേണമെന്നാണോ ? സംഗമം പരാജയമെന്നത് മാധ്യമപ്രചാരണമാണ്, നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചു ‘ എന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അതേ സമയം ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകൾ നടത്തുന്ന ശബരിമല സംരക്ഷണ സംഗമം നാളെ പന്തളത്ത് സംഘടിപ്പിക്കും. ശബരിമല വിശ്വാസം വികസനം എന്ന വിഷയത്തിൽ രാവിലെ സെമിനാറും ഉച്ചയ്ക്കു ശേഷം ഭക്തജന സംഗമവും നടക്കും.
മുൻ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ പരിപാടി ഉദ്ഘാടനം ചെയ്യും. ശബരിമല കർമ്മസമിതിയാണ് പരിപാടിക്ക് നേതൃത്വം വഹിക്കുന്നത്.

