കൊച്ചി: കോട്ടയത്ത് വിജയകുമാറിൻ്റെയും ഭാര്യ മീരയുടെയും കൊലപാതകത്തിന് മകൻ ഗൗതമിൻ്റെ ദുരൂഹ മരണവുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെടുന്നു . ഗൗതമിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ഏറ്റെടുത്തതിന് പിന്നാലെയാണ് ഗൗതമിൻ്റെ മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്നതും സൂചനയുണ്ട്.
ഗൗതമിനെ കൊലപ്പെടുത്തിയതാണെന്നാണ് സിബിഐയുടെ പ്രാഥമിക നിഗമനം.ഗൗതമിൻ്റെ മരണത്തിൽ അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് വിജയകുമാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഗൗതം ആത്മഹത്യ ചെയ്തതാണെന്ന ജില്ലാ ക്രൈംബ്രാഞ്ചിൻ്റെ നിഗമനത്തെ തുടർന്നാണിത്. ഗൗതമിൻ്റെ കഴുത്തിലെ മുറിവുകൾ സ്വയം മുറിവേൽപ്പിച്ചതാണെന്നും തുടർന്ന് ഗൗതം ട്രെയിനിന് മുന്നിൽ ചാടുകയായിരുന്നുവെന്നും അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, സംശയനിവാരണത്തിന് വിശദമായ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് എഡിജിപി ഹൈക്കോടതിയിൽ നിലപാടെടുത്തു.അന്വേഷണം സിബിഐക്ക് വിട്ട ഉത്തരവിൽ കൊലപാതക സാധ്യത ചൂണ്ടിക്കാട്ടി ജസ്റ്റിസ് കൗസർ ഇടപ്പഗത്ത് നിരീക്ഷണം നടത്തി. ഇൻക്വസ്റ്റ് റിപ്പോർട്ടിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഗൗതമിൻ്റെ ശരീരമാസകലം സാരമായ മുറിവുകളുണ്ടെന്ന് തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി.
കഴുത്തിൽ 11ഉം 13ഉം സെൻ്റീമീറ്റർ വലിപ്പമുള്ള രണ്ട് മുറിവുകളുണ്ട്. കഴുത്തിലും നെഞ്ചിലുമുള്ള മുറിവുകളാണ് മരണകാരണം.ഗൗതമിൻ്റെ കാർ മൃതദേഹം കിടന്നിടത്തുനിന്ന് 240 മീറ്റർ അകലെയായിരുന്നു. കാറിൻ്റെ സീറ്റിൽ രക്തം പുരണ്ടിരുന്നു. മുറിവേൽപ്പിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ബ്ലേഡ് (ബോക്സ് കട്ടർ) പിൻസീറ്റിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. ഇതെല്ലാം കൊലപാതക സാധ്യതയിലേക്കാണ് വഴി തുറക്കുന്നതെന്ന് കോടതി വിലയിരുത്തി.

