കൊച്ചി : കൊച്ചിയിൽ ലൈംഗിക തൊഴിലാളിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . ഇന്നലെ രാത്രിയാണ് കോന്തുരുത്തി സ്വദേശിയായ ജോർജ്, എറണാകുളം സൗത്തിൽ നിന്നുള്ള സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുവന്നത് . ജോർജിന്റെ ഭാര്യ, മകളുടെ വീട്ടിലായിരുന്നു. അവിടെ പിറന്നാളാഘോഷം ഉണ്ടായിരുന്നു. ഇതുകഴിഞ്ഞ് ഒറ്റയ്ക്ക് മടങ്ങിയെത്തിയ ജോർജ് ലൈംഗികത്തൊഴിലാളിയെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
രാത്രിയിൽ പണത്തെച്ചൊല്ലി തർക്കമുണ്ടായി. കോപാകുലനായ ജോർജ് മുറിയിൽ നിന്ന് ഇരുമ്പ് വടി എടുത്ത് സ്ത്രീയുടെ തലയ്ക്കടിച്ചുകൊലപ്പെടുത്തുകയായിരുന്നു. ഇയാളുടെ വീട്ടിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്നുണ്ടായിരുന്നു. അവർ വീട്ടിൽ നിന്ന് ശബ്ദം കേട്ടിരുന്നു. പൂച്ചയോ മറ്റോ ആയിരിക്കുമെന്ന് കരുതി പുറത്തിറങ്ങിയില്ല.
കൊലപാതകം നടത്തിയ ശേഷം, ചാക്കിനായി ജോർജ്ജ് പുലർച്ചെ 4:30 ഓടെ അയൽ വീടുകളിലേക്ക് പോയി. ജോർജ്ജ് മദ്യപിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. തന്റെ വളർത്തുനായ ചത്തുപോയെന്നും മൃതദേഹം മാറ്റാൻ ചാക്ക് വേണമെന്നും അയൽക്കാരനോട് പറഞ്ഞു. ഒടുവിൽ, അടുത്തുള്ള കടയിൽ നിന്ന് ചാക്ക് ലഭിച്ചു. മൃതദേഹം ചാക്കിൽ ഇട്ട് വലിച്ചെറിയാൻ ശ്രമിക്കുന്നതിനിടെ ജോർജ് കുഴഞ്ഞുവീണു. രാവിലെ ഹരിത കർമ്മ സേനയിലെ അംഗമാണ് സ്ത്രീയുടെ അർദ്ധനഗ്നമായ മൃതദേഹം കണ്ടെത്തിയത് . സമീപത്ത് അബോധാവസ്ഥയിൽ കിടക്കുന്ന ജോർജിനെയും കണ്ടു . തുടർന്ന് അവർ പോലീസിനെ അറിയിച്ചു. വീടിനുള്ളിൽ രക്തക്കറ കണ്ടെത്തി. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

