ആലപ്പുഴ: നിക്കറിൽ മലമൂത്ര വിസർജനം നടത്തിയതിന് നാലര വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ച അമ്മ അറസ്റ്റിൽ. ഭർത്താവിന്റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. കായംകുളം കണ്ടല്ലൂർ പുതുവിള സ്വദേശിയായ നാലര വയസുകാരനാണ് പൊള്ളലേറ്റത്. കുട്ടിയുടെ പുറത്തും കാലിലുമാണ് പൊള്ളലേറ്റത്.
പൊള്ളലേറ്റ കുട്ടിയെ അമ്മ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ചപ്പാത്തികല്ലിൽ ഇരുന്നാണ് കുട്ടിക്ക് പൊള്ളലേറ്റതെന്നാണ് അമ്മ ആശുപത്രിയിൽ പറഞ്ഞിരുന്നത്. അമ്മ ഉപദ്രവിച്ചതാണെന്ന് കുട്ടിയും മൊഴി നൽകിയിട്ടുണ്ട്. കുട്ടിയുടെ അച്ഛൻ സൈന്യത്തിലാണ് ജോലി ചെയ്യുന്നത്. സംഭവത്തിൽ സിഡബ്ല്യുസിയും ഇടപെട്ടിട്ടുണ്ട്.
അമ്മയും അമ്മായിയമ്മയും തമ്മിൽ പ്രശ്നങ്ങള്‍ നിലനിന്നിരുന്നുവെന്നും കുട്ടിക്ക് എങ്ങനെയാണ് പൊള്ളലേറ്റതെന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് പോലീസ് പറയുന്നത്.

