തിരുവനന്തപുരം ; കെഎസ്ആർടിസിയ്ക്ക് പുതിയ ബസുകൾ വാങ്ങാൻ എംഎൽഎ ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സർക്കാർ .കെഎസ്ആർടിസിയെ ആധുനികവൽക്കരിക്കുന്നതിനും പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായാണ് പുതിയ ബസുകൾ വാങ്ങുന്നത്.
നിലവിൽ, സേവന കാലാവധി കഴിഞ്ഞ ബസുകൾ ഉപയോഗിച്ച് പല റൂട്ടുകളിലും സർവീസ് നടത്തുന്നത് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ്, കർശനമായ വ്യവസ്ഥകൾക്ക് വിധേയമായി പുതിയ ബസുകൾ വാങ്ങാൻ എംഎൽഎ ഫണ്ട് ഉപയോഗിക്കാൻ അനുവദിച്ചുകൊണ്ട് ധനവകുപ്പ് ഉത്തരവിറക്കിയത്. 2026-27 ലെ നിയമസഭാ മണ്ഡലം ആസ്തി വികസന പദ്ധതി പ്രകാരം, ഓരോ എംഎൽഎയ്ക്കും പരമാവധി മൂന്ന് ബസുകൾ വരെ വാങ്ങാവുന്നതാണ്.
പുതിയ പദ്ധതി പ്രകാരം, ബസുകളുടെ ഇരിപ്പിട ശേഷി, ബോഡി തരം, ഇന്ധന വിഭാഗം എന്നിവ കെഎസ്ആർടിസിയുമായി ആലോചിച്ച് തീരുമാനിക്കും. ഓരോ മണ്ഡലത്തിലെയും സമീപ പ്രദേശങ്ങളിലെയും യാത്രക്കാരുടെ പ്രത്യേക ആവശ്യങ്ങൾ പരിഗണിച്ചാകും റൂട്ടുകൾ തീരുമാനിക്കുക. നികുതിയും രജിസ്ട്രേഷൻ ചാർജുകളും ഉൾപ്പെടെയുള്ള ബസുകളുടെ ആകെ ചെലവ് വ്യക്തമാക്കുന്ന പട്ടിക സെപ്റ്റംബർ 30-നകം കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്ക് സമർപ്പിക്കണമെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പദ്ധതി പൂർത്തിയാകുമ്പോൾ, കെഎസ്ആർടിസിയുടെ വാഹനശേഖരത്തിൽ ഏകദേശം 400 പുതിയ ബസുകൾ കൂടി എത്തും .

