ന്യൂഡൽഹി: രണ്ട് വനിതാ അഭിഭാഷകരെ കേരള ഹൈക്കോടതിയിൽ ജഡ്ജിമാരായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷക ലിസ് മാത്യു ആന്ത്രാപ്പറെയും കേരള ഹൈക്കോടതിയിലെ അഭിഭാഷക എ.കെ. പ്രീതയെയും സ്ഥാനക്കയറ്റം നൽകി ജഡ്ജിമാരാക്കാനുള്ള ശുപാർശ കേന്ദ്ര സർക്കാരിന് അയച്ചു.
കൊച്ചിയിലെ പനമ്പിള്ളി നഗറിലെ മാത്യു ആന്ത്രാപ്പർ-മറിയമ്മ ദമ്പതികളുടെ മകളാണ് ലിസ് മാത്യു ആന്ത്രാപ്പർ. ഭർത്താവ് രാഗേന്ദ് ബസന്ത് മുതിർന്ന അഭിഭാഷകനും മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആർ. ബസന്തിന്റെ മകനുമാണ്. താര ബസന്ത്, നിഖിൽ ബസന്ത് എന്നിവരാണ് മക്കൾ.
എ.കെ. പ്രീത ചിറ്റൂർ സ്വദേശിനിയാണ്. തിരുവനന്തപുരത്ത് പിങ്ക് പോലീസ് പീഡിപ്പിച്ച എട്ടുവയസ്സുകാരിക്ക് നഷ്ടപരിഹാരം നേടിയെടുക്കുന്നതിനുള്ള നിയമപോരാട്ടത്തിന് നേതൃത്വം നൽകിയതിലൂടെയാണ് പ്രീത ജനശ്രദ്ധയാകർഷിച്ചത്. പരേതരായ അഡ്വ. ബി.ആർ. അരവിന്ദൻ നായരുടെയും (പീരുമേട്, ഇടുക്കി) കൃഷ്ണമ്മയുടെയും മകളാണ് പ്രീത. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ഓഫ് ലോ പ്രിൻസിപ്പൽ ഡോ. എസ്.എസ്. ഗിരി ശങ്കറാണ് ഭർത്താവ്.

